തിരുവനന്തപുരം: കൊല്‍ക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.
കെഎംപിജിഎയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നാളെ ആശുപത്രിയിലെ അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും ഒപിയും ഡ്യൂട്ടിയും ബഹിഷ്കരിക്കുമെന്നും കെഎംപിജിഎ അറിയിച്ചു. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ ഡോക്ടര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
read also: പാപ്പച്ചന്റെ കൊലപാതകം: ശവസംസ്കാരത്തില്‍ പങ്കെടുത്തവരെ തേടി പൊലീസ്
യുവഡോക്ടറേ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കാരണക്കാരായ ആളുകളെ ഉടന്‍ പിടികൂടണമെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.