തിരുവനന്തപുരത്ത് വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ സംഭവം: നിര്‍ണായക മൊഴി നല്‍കി ദൃക്സാക്ഷി


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ശേഷം ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നിര്‍ണായകമായി ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴി.
വിദേശത്ത് നിന്നെത്തിയ ആളെയാണ് തട്ടിക്കൊണ്ട് പോയത്.

ഓട്ടോഡ്രൈവര്‍ വിശാഖ് പറഞ്ഞത് യുവാവ് തന്റെ ഓട്ടോയില്‍ കയറിയത് പുലര്‍ച്ചെ 12.30 മണിക്കാണ് എന്നാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നായിരുന്നു ഇയാള്‍ കയറിയത്. യാത്രക്കാരന്റെ ആവശ്യം തിരുനല്‍വേലി ബസ് കിട്ടുന്ന സ്ഥലത്താക്കണം എന്നതായിരുന്നു.

തുടര്‍ന്ന് ഓട്ടോയെ വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ തടയുന്നത് ശ്രീകണ്‌ഠേശ്വരത്ത് വച്ചാണ്. യാത്രക്കാരനെ കാറില്‍ നിന്ന് ഇറങ്ങിയ അഞ്ച് പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്ന് വലിച്ചിറക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇയാളെ കാറില്‍ കയറ്റിക്കൊണ്ടുപോയതായും ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. തട്ടിക്കൊണ്ടു പോകപ്പെട്ട തമിഴ്‌നാട് സ്വദേശി ആരാണെന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.