‘അത് കൂട്ടബലാത്സംഗം, യഥാർത്ഥ പ്രതികള്‍ മമത സർക്കാരിന്റെ സ്വന്തക്കാരോ?’- ബംഗാളില്‍ സർക്കാരിനെതിരെ പ്രക്ഷോഭം
കൊൽക്കത്ത: പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിനു സമീപം ദിവസങ്ങൾക്കുള്ളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത് ചൂണ്ടിക്കാട്ടി ബിജെപിയും സിപിഎമ്മും രംഗത്തെത്തിയതോടെ സംഭവത്തിൽ പുതിയ രാഷ്ട്രീയവിവാദവും തുടങ്ങിയിരിക്കുകയാണ്. ജനങ്ങൾ ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിലെത്തി പ്രതിഷേധിച്ചു. തെളിവ് നശിപ്പിക്കാനും യഥാർത്ഥ പ്രതികളെ രക്ഷിക്കാനുമാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നതെന്നാണ് ആരോപണം ശക്തമായിരിക്കുന്നത്.
പെൺകുട്ടിയെ ഒന്നിലധികം പേർ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെന്ന് ഡോക്ടർമാരുടെ സംഘടന പറയുന്നു. ഇത് ഒരാളുടെ മാത്രം ചെയ്തിയല്ലെന്ന് വ്യക്തമാണ്. അവൾ കൂട്ടബലാത്സംഗത്തിന് വിധേയയായിട്ടുണ്ട്. ഡോക്ടർ സുബർണ ഗോസ്വാമിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കുടുംബത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാണിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഡോക്ടർ സുബർണ ഗോസ്വാമി. സംഭവത്തിൽ 31കാരനായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളല്ല യഥാർത്ഥ പ്രതിയെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
പെൺകുട്ടിയെ ആക്രമിച്ച ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലാണ് ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇവിടെ റസിഡന്റ് ഡോക്ടേഴ്സ് ഏരിയയും സ്ത്രീകൾക്കായുള്ള ടോയ്ലെറ്റും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പേരിൽ പൊളിച്ചു. സിബിഐ അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാൻ മമതാ ബാനർജി സർക്കാരും മെഡിക്കൽ കോളേജ് അധികൃതരും ചേർന്ന് നടത്തുന്ന നീക്കമാണിത്. ഹീനമായ കുറ്റകൃത്യം ചെയ്തിരിക്കുന്നത് തൃണമൂൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ കുടുംബാംഗങ്ങളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഞാനാവർത്തിച്ച് പറയുന്നു, പശ്ചിമബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ല. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ കുറിച്ചു.
അതേസമയം, കേസ് ഇന്ന് സിബിഐ ഏറ്റെടുത്തു. ഇന്നലെയാണ് കേസ് സിബിഐക്ക് വിടാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എത്രയും പെട്ടന്ന് സിബിഐക്ക് കൈമാറാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചു. ആഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു പി ജി വിദ്യാര്‍ത്ഥിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. സംഭവത്തിൽ രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധത്തിലാണ്.