കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം



ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

നിതീഷ് വര്‍മ (20), ചേതന്‍ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹന്‍ റെഡ്ഡി (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ചൈതന്യ (20), വിഷ്ണു (20) എന്നിവരാണ് ചികിത്സയിലുള്ളത്. ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ രാമഞ്ചേരിയിലാണ് അപകടം. ചെന്നെെയില്‍ നിന്നും 65 കി.മീ അകലെമാത്രമാണ് അപകടം നടന്നസ്ഥലം.

ചെന്നൈ എസ്ആര്‍എം കോളേജിലെ വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നത്. ആന്ധ്രപ്രദേശില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.