കാറില്‍ കുടുങ്ങിയ ബൈക്കുമായി യുവാവ് വാഹനമോടിച്ചത് കിലോമീറ്ററുകള്‍, ബൈക്ക് റോഡിലുരഞ്ഞ് ഇരുവാഹനങ്ങളും അഗ്നിഗോളമായി
ന്യൂഡല്‍ഹി: കാറില്‍ കുടുങ്ങിയ ബൈക്കുമായി യുവാവ് വാഹനമോടിച്ചത് കിലോമീറ്ററുകള്‍. ഇതിനിടെ ബൈക്ക് റോഡിലുരഞ്ഞ് ഇരുവാഹനങ്ങളും അഗ്‌നിഗോളമായി. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇരുവാഹനത്തിലെയും ഡ്രൈവര്‍മാര്‍. ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചെന്ന് വിവരത്തിന് പിന്നാലെ അഗ്‌നി നിയന്ത്രിക്കാനായി എത്തിയ രക്ഷാപ്രവര്‍ത്തകരാണ് കാറിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മറ്റൊരു വാഹനം കണ്ടെത്തിയത്.
കാര്‍ ഓടിച്ചിരുന്നയാള്‍ സ്ഥലത്ത് നിന്ന് മുങ്ങിയതോടെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവിച്ചതിന്റെ തീവ്രത പൊലീസിന് വ്യക്തമാവുന്നത്. ഡല്‍ഹിയിലെ ജന്‍ദേവാലനില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ രണ്ടും പൂര്‍ണമായി കത്തിനശിച്ച അവസ്ഥയില്‍ ആയതിനാലാണ് സംഭവത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് പരിസര പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചത്.
അമിത വേഗതയിലെത്തി ബൈക്കില്‍ ഇടിച്ചതിന് പിന്നാലെ വാഹനം നിര്‍ത്താന്‍ പോലും തയ്യാറാകാതെയായിരുന്നു കാര്‍ ഡ്രൈവര്‍ പാഞ്ഞത്. രണ്ട് കിലോമീറ്ററോളം കാറിലുടക്കിയ ബൈക്കുമായി പായുന്നതിനിടയിലാണ് റോഡിലുരഞ്ഞ് ബൈക്കിന് തീ പിടിക്കുന്നതും ഇത് കാറിലേക്ക് പടരുന്നതും. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കാര്‍ നിര്‍ത്തിയ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് ലഭ്യമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളെ ചുറ്റിയുള്ള അന്വേഷണത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായത്. ബൈക്ക് ടാക്‌സി വാഹനമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഗുരുവിന്ദര്‍ എന്ന യുവാവ് ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പോയതിനാല്‍ ഇയാള്‍ക്ക് സാരമായ പരിക്കുകളുണ്ട്.
എന്നാല്‍ അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നയാള്‍ വാഹനം നിര്‍ത്താതെ പാഞ്ഞുപോവുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്. കാറിലെ നമ്പറുകളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ സി മീണയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.