പ്രഭാത നടത്തത്തിന് പോയ യുവതിക്ക് നേരെ ലൈംഗികാതിക്രമം, അക്രമിയുടെ ദൃശ്യം സിസിടിവിയില്‍


ബെംഗളൂരു: പ്രഭാത സവാരിക്ക് പോയ യുവതിക്കു നേരെ ലൈംഗികാതിക്രമം. ബെംഗളൂരു നഗരത്തിലാണ് സംഭവം. അക്രമിയുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാരിയെ കാത്ത് വീടിന് പുറത്തു നില്‍ക്കുമ്പോഴാണ് അജ്ഞാതന്‍ യുവതിക്ക് സമീപമെത്തിയത്. പിന്നിലൂടെ എത്തിയ അക്രമി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ വീണ്ടും ഇയാള്‍ പിന്നാലെ ചെന്ന് ആക്രമിച്ചു. ഇതിനിടെ യുവതി സഹായത്തിനായി അലറി വിളിച്ചപ്പോള്‍ അജ്ഞാതന്‍ വായ പൊത്തിപ്പിടിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. യുവതി ചെറുത്തുനിന്നതോടെ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു.

രാജസ്ഥാന്‍ സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. എല്ലാ ദിവസവും രാവിലെ യുവതി നടക്കാന്‍ പോകുമായിരുന്നു. വെള്ള ഷര്‍ട്ടും പാന്റുമാണ് അക്രമി ധരിച്ചിരുന്നത്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 76, 78, 79 എന്നിവ പ്രകാരം അക്രമിക്കെതിരെ കേസെടുത്തതായും ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സൗത്ത് ഡിസിപി ലോകേഷ് ജഗലാസര്‍ പറഞ്ഞു. കൂടുതല്‍ പോലീസ് പട്രോളിംഗ് ആവശ്യമുള്ള സ്ഥലങ്ങളില്‍ പരിശോധിച്ച് ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.