ശ്രീകൃഷ്ണ ജന്മഭൂമി–ഷാഹി ഈദ്ഗാഹ് പള്ളി തർക്കം, ഹർജികൾ നിലനിൽക്കും: വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി


അലഹബാദ്: മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി–ഷാഹി ഈദ്ഗാഹ് പള്ളി തർക്കക്കേസിലെ ഹർജികളുടെ നിലനിൽപ് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ അലഹാബാദ് ഹൈക്കോടതി തള്ളി. ഹർജികൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. മഥുരയിൽ ക്ഷേത്രം പൊളിച്ചാണ് ഈദ്ഗാഹ് മസ്ജിദ് പണിതതെന്നു ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു പ്രധാന ഹർജി. ഇതുൾപ്പെടെ ഹർജികളുടെ നിലനിൽപ്പ് ചോദ്യം ചെയ്ത് ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് മായങ്ക് കുമാർ ജെയിൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ഇതോടെ, ഷാഹി ഈദ്ഗാഹ് പള്ളി നിലനിൽക്കുന്ന സ്ഥലത്ത് അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള 18 ഹർജികളിലും വാദം തുടരുമെന്ന് ഉറപ്പായി. ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്തിനു മേലാണ് മുഗൾ ചക്രവർത്തി ഔറംഗസേബ് ഈദ്ഗാഹ് മസ്ജിദ് നിർമിച്ചതെന്നാണ് ഹിന്ദു വിഭാഗത്തിന്റെ ഹർജികൾ പറയുന്നത്. മസ്ജിദ് നിലനിൽക്കുന്ന 13.37 ഏക്കർ സ്ഥലം തിരികെ ക്ഷേത്രത്തിനു നൽകണമെന്നും ഹർജികളിൽ ആവശ്യപ്പെടുന്നു.

1991ലെ ആരാധനാലയ നിയമ പ്രകാരം ഈ ഹർജികൾക്ക് നിലനിൽക്കില്ലെന്നാണ് മുസ്‌ലിം വിഭാഗം വാദിച്ചത്. എന്നാൽ, 18 ഹർജികളും ആ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓ​ഗസ്റ്റ് 12ന് ഹർജികളിൽ വാദം തുടരും.