ഹിമാനി ഉരുകി വെള്ളം കുതിച്ചെത്തി, മിന്നല്‍ പ്രളയത്തില്‍ റോഡുകളും പാലങ്ങളും തകര്‍ന്ന് മുങ്ങിയ നിലയില്‍
റെയ്ക്യവിക്: ഹിമാനി ഉരുകിയെത്തിയ വെള്ളത്തില്‍ മുങ്ങി ഐസ്‌ലന്‍ഡിലെ റോഡും പാലവും. പാലം ഭാഗികമായി തകര്‍ന്നു. റോഡിന്റെ 70 കിമീ ദൂരം അടച്ചു. വെള്ളം ഇനിയും ഉയരുമെന്ന് ആശങ്കയിലാണ് അധികൃതരുള്ളത്. ശനിയാഴ്ചയാണ് ഐസ്‌ലന്‍ഡിലെ തെക്കന്‍ മേഖലയിലേക്ക് മഞ്ഞുകട്ട ഉരുകിയെത്തിയ ജലം എത്തിത്തുടങ്ങിയത്. വലിയ രീതിയിലുള്ള അസാധാരണ പ്രളയമാണ് സംഭവിച്ചതെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.
പെട്ടെന്നുണ്ടായ പ്രളയത്തില്‍ ജീവഹാനി സംഭവിച്ചിട്ടില്ലെങ്കിലും ജനജീവിതത്തെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. ഐസ്‌ലന്‍ഡിലെ തെക്കന്‍ മേഖലകളില്‍ ചെളി വെള്ളം നിറഞ്ഞ അവസ്ഥയിലാണുള്ളത്. ദേശീയ പാതയിലെ പാലത്തിലേക്ക് പ്രളയജലം എത്തുന്നതിന്റെ ദൃശ്യങ്ങളും കാലാവസ്ഥാ വകുപ്പ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. തീരദേശ നഗരമായ വിക് ഐ മര്‍ഡലിനില്‍ നിന്ന് കിര്‍ക്ജുബെജാര്‍ക്ലൗസ്തൂറിലേക്കുള്ള 70 കിലോമീറ്റര്‍ ദേശീയ പാതയിലെ ഗതാഗതം പ്രളയം മൂലം നിരോധിച്ചിട്ടുണ്ട്.
ജലം ഉയര്‍ന്നുവരുന്നതിനാല്‍ പ്രളയം ഏതെല്ലാം മേഖലയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഐസ്‌ലന്‍ഡുകാരുള്ളത്. നേരത്തെ മാര്‍ച്ച് മാസത്തില്‍ ഐസ്‌ലന്‍ഡില്‍ അഗ്‌നിപര്‍വത വിസ്‌ഫോടനമുണ്ടായിരുന്നു. ഡിസംബര്‍ മാസത്തിന് ശേഷം നാലാമത്തെ തവണയാണ് ഇവിടെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ഐസ്‌ലന്‍ഡിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലായിരുന്നു അഗ്‌നിപര്‍വ്വത സ്‌ഫോടനം നടന്നത്.