റിലീസ് ദിനംതന്നെ എത്തി ഫോണില്‍ സിനിമ പകര്‍ത്തും: തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്നും തമിഴ്‌നാട് സ്വദേശി പിടിയില്‍
കൊച്ചി: തെന്നിന്ത്യൻ താരം ധനുഷിന്റെ പുതിയ ചിത്രം ‘രായൻ’ പകർത്തുന്നതിനിടെ തമിഴ്നാട് സ്വദേശി പിടിയില്‍. തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പുതിയ ചിത്രങ്ങള്‍ റിലീസ് ദിവസംതന്നെ പകർത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന കണ്ണികളില്‍പ്പെട്ടയാളാണ് തമിഴ്നാട് സ്വദേശി സ്റ്റീഫൻ രാജ്.
read also; കുതിച്ചുപായുന്ന ട്രെയിനില്‍ ചാടിക്കയറിയ വീഡിയോ പങ്കുവച്ച യുവാവിനു കൈയും കാലും നഷ്ടമായി
തീയേറ്ററിലെ ഏറ്റവും പുറകിലെ സീറ്റിലിരുന്ന് മൊബൈല്‍ ഫോണിന്റെ ബ്രൈറ്റ്നസ് കുറച്ച് സീറ്റിലെ കപ്പ് ഹോള്‍ഡറില്‍ മൊബൈല്‍ ഫോണ്‍വെച്ചാണ് സിനിമ പകർത്തിയിരുന്നത്. തമിഴ് റോക്കേഴ്സ്, തമിഴ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയ സൈറ്റുകള്‍ക്കാണ് ഇയാള്‍ പുതിയ ചിത്രങ്ങള്‍ റെക്കോഡ് ചെയ്ത് അയച്ചിരുന്നത്. നിർമാതാവ് സുപ്രിയ മേനോന്റെ പരാതിയില്‍ കാക്കനാട് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
‘ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രം റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിലിരുന്ന് ചിലർ മൊബൈല്‍ഫോണില്‍ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സുപ്രിയ മേനോൻ കാക്കനാട് സൈബർ പോലീസില്‍ പരാതി നല്‍കി. തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തെ തീയേറ്ററില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.