ഇറച്ചിയും മീനും വിളമ്പിയില്ല, വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്: വധുവിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച് വരനും വീട്ടുകാരും
ലക്നൗ : വിവാഹ വിരുന്നില്‍ മീന്‍ വിഭവം വിളമ്പാത്തതിന്റെ പേരില്‍ അക്രമം .ഉത്തര്‍പ്രദേശ് ഡിയോറിയയിലെ ആനന്ദ് നഗറിലാണ് സംഭവം . അക്രമത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. സുഷമ-അഭിഷേക് ശര്‍മ്മ എന്നിവരുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ചടങ്ങിന് ശേഷം വരന്റെ ബന്ധുക്കള്‍ക്കായി വിരുന്ന് ഒരുക്കി. പനീറും പാലക്കും ഉള്‍പ്പെടെയുള്ള സസ്യാഹാരങ്ങളാണ് ഉണ്ടായിരുന്നത് . എന്നാല്‍ ഇറച്ചിയും, മീനും വിരുന്നില്‍ വിളമ്പാത്തത് എന്തുകൊണ്ടാണെന്നായിരുന്നു വരന്റെ വീട്ടുകാരുടെ ചോദ്യം. പിന്നാലെ ഇതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാരെ മര്‍ദ്ദിക്കുകയും ചെയ്തു. വധുവിന്റെ സഹോദരന് അടക്കം ആറോളം പേര്‍ക്ക് മര്‍ദ്ദനമേറ്റു. വധുവിന്റെ മാതാപിതാക്കളായ തങ്ങളെയും വരന് അടിച്ചതായി വധുവിന്റെ അമ്മ മീര ശര്‍മ്മ പറഞ്ഞു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് വരനും ചില ബന്ധുക്കള്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ പങ്കാളികളായ ചില ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.