നെറ്റ് ചോദ്യക്കടലാസ് ചോർന്നിട്ടില്ല! ടെലഗ്രാമില്‍ പ്രചരിച്ചത് പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചത്- സിബിഐ കണ്ടെത്തൽ
ന്യൂഡല്‍ഹി: യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് കണ്ടെത്തി സിബിഐ. ടെലഗ്രാം വഴി പ്രചരിച്ച ചോദ്യക്കടലാസ് പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചതാണെന്നും സിബിഐ കണ്ടെത്തിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചോദ്യക്കടലാസ് ചോര്‍ന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടന്നതിന്റെ പിറ്റേന്ന് കേന്ദ്രസർക്കാർ പരീക്ഷ റദ്ദാക്കിയിരുന്നു.
പരീക്ഷയ്ക്കുമുമ്പ് ചോദ്യക്കടലാസ് ചോര്‍ന്നുവന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു വ്യാജ ചോദ്യപ്പേപ്പറിന്റെ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത്. പരീക്ഷയുടെ ആദ്യസെഷന് അവസാനിച്ചതിന് പിന്നാലെ രണ്ടുമണിക്ക് ഉദ്യോഗാര്‍ഥികളില്‍ ഒരാള്‍ ചോദ്യക്കടലാസ് ടെലഗ്രാം ചാനലില്‍ പങ്കുവെച്ചു. ഇത് ചോദ്യപ്പേപ്പര്‍ നേരത്തേ ചോര്‍ന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ചോദ്യക്കടലാസ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പേ ചോര്‍ന്നുവെന്നും പണംനല്‍കിയാല്‍ ഇത് ലഭ്യമാക്കുമെന്നും ഒരു ടെലഗ്രാം ചാനല്‍ അവകാശപ്പെട്ടിരുന്നു. പരീക്ഷയ്ക്കുമുമ്പേ ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യസെഷനുശേഷം ലഭിച്ച ചോദ്യപേപ്പര്‍ പ്രചരിപ്പിച്ചത്. ഇത് ഭാവിയില്‍ തട്ടിപ്പ് നടത്താന്‍ വിശ്വാസതയ്ക്കുവേണ്ടി ചെയ്തതാകാമെന്നും സി.ബി.ഐ. കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്തു.
ജൂണ്‍ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഒ.എം.ആര്. പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കുന്നതായി അറിയിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.