സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് പനി പടരുന്നു: പന്നിപ്പനിയും എലിപ്പനിയും മുതൽ ഡെങ്കിപ്പനി വരെ! 11,050 പേര്‍ ചികിത്സതേടി
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ കുറവില്ല. ഇന്ന് പനിബാധിച്ച് 11050 പേര്‍ ചികിത്സ തേടി. ഏറ്റവും അധികം പനിബാധിതര്‍ മലപ്പുറം ജില്ലയിലാണ്. ഇന്നലെ മാത്രം മൂന്നു പേര്‍ പനി ബാധിച്ച് മരിച്ചു. അഞ്ചുദിവസത്തിനുശേഷമാണ് ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ രോഗികളുടെ കണക്ക് പ്രസിദ്ധീകരിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നത് പ്രതിദിനം പതിനായിരത്തിലധികം രോഗികളാണ്. ഇന്ന് 11050 പേര്‍ പനി ബാധിതരായി. മൂന്നുപേരാണ് പനി ബാധിച്ച് മരിച്ചത്. 159 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 420 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. 42 പേര്‍ക്ക് എച്ച്.വണ്‍.എന്‍.വണ്ണും 32 പേര്‍ക്ക് മഞ്ഞപ്പിത്തവും എട്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയിലാണ് പനി ബാധിതര്‍ ഏറെയും. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രതിദിന രോഗികള്‍ 1000 കടന്നു. ഈമാസം ഡെങ്കി കേസുകളുടെ വ്യാപനം കൂടുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി രോഗികളുടെ കണക്ക് സംബന്ധിച്ചുള്ള വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്നലെ രാവിലെയോടെയാണ് മുപ്പതാം തീയതിക്ക് ശേഷമുള്ള രോഗികളുടെ കണക്ക് വെബ്‌സൈറ്റില്‍ നല്‍കിയത്.