വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് കെഎസ്ഇബി ഓഫീസ് അക്രമം: വീട്ടിലെ പഴയ കറി ഉദ്യോഗസ്ഥന്‍റെ മേൽ ഒഴിച്ചെന്ന് സമ്മതിച്ച് അജ്മൽ


കോഴിക്കോട്: വൈദ്യതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ഓഫീസ് സാധനസമഗ്രഹികളും കംപ്യുട്ടറും തകർത്തത് താനല്ലെന്ന് കേസിലെ പ്രതിയായ അജ്മൽ. കെഎസ്ഇബി ഉദ്യോഗസ്ഥർ ആണ് അക്രമിച്ചതെന്നും കമ്പ്യൂട്ടറും ഫർണിച്ചറും തകർത്തത് ഉദ്യോഗസ്ഥരാണെന്നും അജ്മൽ പറയുന്നു. താൻ കെഎസ്ഇബി ഓഫീസിലേക്ക് കയറിപ്പോകുന്നത് മുതൽ ഇറങ്ങി വരുന്നതു വരെയുള്ള ദൃശ്യങ്ങൾ തന്റെ ഫോണിലുണ്ട്. ഈ ഫോൺ കെഎസ്ഇബി ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയെന്നും അജ്മൽ പറയുന്നു.

കോടതി റിമാൻഡ് ചെയ്യുന്നതിന് മുൻപ് അജ്മൽ അയച്ച ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അതേസമയം വീട്ടിലുണ്ടായിരുന്ന പഴയ കറി കൊണ്ടുവന്ന് ഉദ്യോഗസ്ഥന്‍റെ മേൽ ഒഴിച്ചെന്നും അജ്മൽ സമ്മതിച്ചു.തിരുവമ്പാടി കെഎസ്ഇബി ഓഫിസിലെ സാധന സാമഗ്രികൾ യുവാക്കൾ അടിച്ചു തകർത്തു എന്ന പരാതി ഉയർന്നത് ഇന്നലെയാണ്. പിന്നീട് ഈ കുടുംബത്തിന്റെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. വൈദ്യുതി വിച്ഛേദിച്ചതിനെതിരെ ഇന്നും സമരം തുടരുമെന്ന് വീട്ടുടമസ്ഥ‍ർ പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് കെഎസ്ഇബി ഓഫീസിന് പൊലീസ് കാവൽ ഏർപ്പെടുത്തി.

വൈദ്യുതി ബില്ല് അടക്കാൻ മനഃപൂർവ്വം വൈകിയതല്ലെന്ന് അജ്മലിന്‍റെ പിതാവ് റസാഖ് പറഞ്ഞു. ബില്ല് അടക്കാൻ മറ്റൊരാളെ ഏല്പിച്ചിരുന്നു, അവർ അടക്കാൻ വൈകിയതാകാം. നിത്യ രോഗികൾ ഉള്‍പ്പെടെയുള്ള വീട്ടുകാർക്ക് വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ വലിയ പ്രയാസങ്ങൾ ഉണ്ടായെന്നും കെഎസ്ഇബിക്ക് എതിരായ പ്രതിഷേധം തുടരുമെന്നും കുടുംബം പറഞ്ഞു.

ഇന്നലെ മെഴുകുതിരി കത്തിച്ചുള്ള സമരത്തിനിടെ റസാഖ് കുഴഞ്ഞുവീണു. ആശുപത്രിയിൽ നിന്നും നേരെ കെഎസ്ഇബി ഓഫിസിൽ എത്തി സമരം തുടരുമെന്ന് റസാഖും ഭാര്യ മറിയവും പറഞ്ഞു. കെഎസ്ഇബി അധികൃതരുടെ നടപടിക്കെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്‌ നേതൃത്വവും അറിയിച്ചു.