സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘവുമായി ബന്ധം: സിപിഐഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി


കണ്ണൂര്‍: സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധത്തിൽ കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് അംഗത്തിനെതിരെ നടപടിയെടുത്ത് പാർട്ടി. പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. രണ്ടുമാസം മുൻപാണ് സജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐഎം തീരുമാനമെടുത്തത്.

ഡിവൈഎഫ്ഐ എരമം സെൻട്രൽ മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി കൂടിയായിരുന്നു സജേഷ്. അർജുൻ ആയങ്കിയുമായി ചേർന്ന് സ്വർണ്ണം പൊട്ടിക്കലിൽ പങ്കാളിയായെന്ന പരാതിയിലാണ് നടപടി. പാടിച്ചാൽ കേന്ദ്രീകരിച്ച് പാർട്ടി അംഗങ്ങളായവർക്കും ഡിവൈഎഫ്ഐ പ്രവർത്തകരായവർക്കും ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പാർട്ടി കണ്ടെത്തിയിരുന്നു.

കർശനമായ താക്കീത് നൽകിയതിന് ശേഷം മിക്ക പാർട്ടി പ്രവർത്തകരും പിന്മാറി. എന്നാൽ സജേഷ് ഉൾപ്പെടെ സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ ബന്ധം തുടർന്നിരുന്നു. അതിനാലാണ് സജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. എന്നാൽ സജേഷിനെ പുറത്താക്കി പാർട്ടിയുടെ മുഖം രക്ഷിക്കാനാണ് ശ്രമമെന്ന് ആരോപണമുണ്ട്.