ഐസ് ക്രീമില്‍ കണ്ടെത്തിയ വിരല്‍ ആരുടേതെന്ന് തെളിഞ്ഞു; ഡിഎന്‍എ ഫലം പുറത്ത്


മുംബൈ: ഐസ് ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. വിരലിന്റെ ഡിഎന്‍എ ഫലം വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഐസ് ക്രീം തയ്യാറാക്കിയ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലിന്റെ ഭാഗങ്ങളാണ് ഇതെന്ന് വ്യക്തമായി. സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഫാക്ടറി ജീവനക്കാരനായ ഓംകാര്‍ പോട്ടെയുടെ വിരലിന്റെ ഭാഗങ്ങളാണ് ഇവ. ഐസ് ക്രീം തയ്യാറാക്കുന്ന യന്ത്രത്തില്‍ കുടുങ്ങിയ ഐസ് ക്രീം ബോക്‌സിന്റെ മൂടി വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ വിരല്‍ യന്ത്രത്തില്‍ കുടുങ്ങിയതായിരുന്നു. മുംബൈയിലെ മലാഡില്‍ താമസിക്കുന്ന ഡോക്ടര്‍ ബ്രണ്ടന്‍ ഫെറാവോ ജൂണ്‍ 12 ന് ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂന്ന് യുമ്മോ ഐസ്‌ക്രീമില്‍ ഒന്നില്‍ നിന്നാണ് വിരലിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഐസ്‌ക്രീം കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജില്‍ അറിയിച്ച പരാതിയില്‍ നടപടിയാകാതെ വന്നതോടെയാണ് ഡോക്ടര്‍ പൊലീസിനെ സമീപിച്ചത്. ജൂണ്‍ 13 ന് പൊലീസ് കേസെടുത്തു.

ഐസ് ക്രീം കമ്പനി ജീവനക്കാരന്‍ ഓംകാര്‍ പൊട്ടെയുടെ വിരലിന് പരിക്കേറ്റത് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഐസ് ക്രീമില്‍ കണ്ടെത്തിയത് ഓംകാര്‍ പൊട്ടേയുടെ വിരലിന്റെ ഭാഗങ്ങളല്ലെന്ന് ഐസ് ക്രീം കമ്പനി വാദിച്ചു. ഇതോടെയാണ് പൊലീസ് വിശദമായ പരിശോധനയ്ക്ക് തയ്യാറായത്. ഡിഎന്‍എ പരിശോധനാ ഫലം ഓംകാര്‍ പൊട്ടേയുടെ രക്തപരിശോധനാ ഫലവുമായി നൂറ് ശതമാനം യോജിച്ചതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്.