നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ


ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധിയിടങ്ങളില്‍ റെയ്ഡ് നടത്തി സിബിഐ. പരിശോധനയ്ക്ക് പിന്നാലെ ഝാര്‍ഖണ്ഡില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്ന് ജമാലുദ്ദീന്‍ എന്ന ജേര്‍ണലിസ്റ്റിനെയാണ് സിബിഐ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്യാനിടയായ കാരണം വ്യക്തമല്ല. അതേസമയം ഗുജറാത്തിലെ അഹമ്മദാബാദ്, ആനന്ദ്, ഗോധ്ര, ഖേദ എന്നിവിടങ്ങളില്‍ സിബിഐ സംഘം റെയ്ഡ് തുടരുകയാണ്.

കേസില്‍ രണ്ട് പേരെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെ പട്‌നയില്‍ നിന്നാണ് കേന്ദ്ര ഏജന്‍സി പിടികൂടിയത്. ഇരുവരും ചേര്‍ന്ന് പരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ച് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആറ് എഫ്‌ഐആറുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസ് വീതവും രാജസ്ഥാനില്‍ നിന്ന് മൂന്ന് കേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

24 ലക്ഷം വിദ്യാര്‍ത്ഥികളെഴുതിയ 2024ലെ നീറ്റ് പരീക്ഷ കഴിഞ്ഞ മെയ് മാസത്തിലായിരുന്നു നടന്നത്. തുടര്‍ന്ന് ജൂണ്‍ നാലിന് ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ 571 നഗരങ്ങളിലായി 4,750 സെന്ററുകളിലാണ് പരീക്ഷ നടന്നത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ 67 കുട്ടികള്‍ക്ക് ലഭിച്ച ഉയര്‍ന്ന മാര്‍ക്ക് സംശയമുണ്ടാക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണം ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിക്കുകയുമായിരുന്നു.