ആദ്യ സംവാദത്തിനൊടുവിൽ ട്രംപിന് മുന്നിൽ അടിപതറി ബൈഡൻ: പ്രസിഡൻ്റ് ‘1-0ന് പിന്നിൽ


വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ വളരെ നിർണായകമാണ് സ്ഥാനാർത്ഥികൾ തമ്മിലുളള സംവാദത്തിനുള്ളത്. ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ഏറ്റുമുട്ടുന്ന സംവാദങ്ങൾ 1960 മുതലാണ് തുടങ്ങിയത്. അമേരിക്കൻ ജനതയെ സംബന്ധിച്ച് സ്ഥാനാർത്ഥികളെ അടുത്തറിയാനും അവരുടെ കാഴ്ചപ്പാടുകൾ എന്തൊക്കെയെന്ന് മനസിലാക്കാനുള്ള സാധ്യതയാണ് ഈ സംവാദങ്ങൾ.

ജനങ്ങളുടെ വോട്ടിംഗ് രീതികളിൽ ഈ സംവാദങ്ങൾക്ക് വലിയ സ്വാധീനമുള്ളതായും തെരഞ്ഞെടുപ്പ് വിശകലങ്ങളിൽനിന്ന് വ്യക്തമാണ്.2024 നവംബറിൽ നടക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിലുള്ള സംവാദം നടന്നിരുന്നു.

രണ്ട് സംവാദങ്ങളിലെ ആദ്യ സംവാദമാണ് കഴിഞ്ഞ ദിവസം നടന്നത്. വിലക്കയറ്റവും, വിദേശനയവും അടക്കം ശക്തമായ വാദമുഖങ്ങളുമായി ഇരുവരും ഏറ്റുമുട്ടിയപ്പോൾ ആർക്കായിരുന്നു മേൽക്കൈ എന്നറിയാനായിരുന്നു എല്ലാവർക്കും ആകാംഷ. അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

സിഎൻഎൻ പോൾ ഫലങ്ങൾ പ്രകാരം ആദ്യ സംവാദത്തിൽ 67% പേർ ട്രംപ് ജയിച്ചുവെന്നും 33% പേർ ബൈഡൻ ജയിച്ചുവെന്നും വിശ്വസിക്കുന്നു. സംവാദം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത് ഈ രീതിയിലാണെങ്കിൽ ബൈഡന് തങ്ങളെ നയിക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ കഴിവ് നഷ്ടപ്പെട്ടു എന്നുമാണ്.

വിവിധ അമേരിക്കൻ മാധ്യമങ്ങളും ബൈഡന് അനുകൂലമായല്ല രംഗത്തെത്തിയിരിക്കുന്നത്. ന്യൂയോർക്ക് ടൈംസ് ട്രംപിന് അനുകൂലമായാണ് വിധിയെഴുതിയത്. രാഷ്ട്രീയ നിരീക്ഷകനായ മിഷേൽ ഗോൾഡ്‌ബെർഗും ട്രംപിനെ അനുകൂലിച്ചു. ‘ട്രംപ് അനവധി കള്ളങ്ങളാണ് പറഞ്ഞത്. എന്നാൽ അവയെ ഒന്ന് പ്രതിരോധിക്കാൻ പോലും ബൈഡനായില്ല. അദ്ദേഹത്തിന് വയ്യ. ബൈഡനെ മാറ്റാനുളള ശ്രമങ്ങൾ നടക്കുകയാണെങ്കിൽ താൻ മുൻപന്തിയിലുണ്ടാകും’ അദ്ദേഹം പറഞ്ഞു.