പ്രകോപനം തുടര്‍ന്ന് ഉത്തരകൊറിയ: ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു



സോള്‍: ഉത്തര കൊറിയ കടലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം നടന്നുവെന്ന് കണ്ടെത്തിയതായും, എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

Read Also: ഓം ബിര്‍ല 18-ാം ലോക്‌സഭയുടെ സ്പീക്കര്‍, തെരഞ്ഞെടുത്തത് ശബ്ദവോട്ടോടെ: പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ഓഫീസും സമൂഹമാദ്ധ്യമം വഴി സ്ഥിരീകരിച്ചിട്ടുണ്ട്.

ജപ്പാന്‍ കടല്‍ എന്നറിയപ്പെടുന്ന കിഴക്കന്‍ കടലിലേക്കാണ് വിക്ഷേപണം നടന്നത്. മാലിന്യം നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യം രൂക്ഷമായിരുന്നു. ഉത്തര കൊറിയന്‍ ഭരണ നേതൃത്വത്തിനെതിരെ ലഘുലേഖ വിതരണം നടത്തിയെന്നാരോപിച്ചാണ് ആയിരത്തിലധികം മാലിന്യ ബലൂണുകള്‍ ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. ഉച്ചഭാഷിണികള്‍ വഴിയും ലഘുലേഖ വിതരണത്തിലൂടെയും തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനാണ് നീക്കമെങ്കില്‍ ഇനിയും ശക്തമായ മറുപടി നല്‍കുമെന്നാണ് കിമ്മിന്റെ സഹോദരി കിം യോ ജോങ് അന്ന് മുന്നറിയിപ്പ് നല്‍കിയത്.