പത്ത് മണിക്കുള്ള പരിപാടിയിൽ ഉദ്ഘാടകരുൾപ്പെടെ ആരുമെത്തിയില്ല, ഒരു മണിക്കൂർ കാത്തിരുന്ന് ക്ഷോഭിച്ച് വേദിവിട്ട് സുധാകരൻ
ആലപ്പുഴ: നിശ്ചയിച്ച പരിപാടിയ്ക്ക് കൃത്യ സമയത്തെത്തിയിട്ടും തുടങ്ങാൻ ഒരുമണിക്കൂർ വൈകിയതോടെ ക്ഷോഭിച്ച് വേദിവിട്ട് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ആലപ്പുഴയിൽ ഇന്നു രാവിലെ നടന്ന സിബിസി വാര്യർ സ്മൃതി എന്ന പരിപാടിയിൽ നിന്നാണ് ജി സുധാകരൻ ക്ഷോഭിച്ച് ഇറങ്ങിപ്പോയത്. പത്തുമണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. സുധാകരൻ കൃത്യസമയത്ത് എത്തുകയും ചെയ്തു.
പതിനൊന്ന് മണിയായിട്ടും പരിപാടി തുടങ്ങാതിരുന്നതോടെയാണ് സുധാകരൻ സംഘാടകരോട് ക്ഷോഭിച്ചത്. പിന്നാലെ അദ്ദേഹം വേദിവിട്ടു. സിബിസി വാര്യർ സ്മൃതി പരിപാടിയിൽ പുരസ്കാര സമർപ്പണത്തിനായാണ് ജി സുധാകരൻ എത്തിയത്. പത്ത് മണിക്ക് പരിപാടി തുടങ്ങുമെന്ന് അറിയിച്ചത് പ്രകാരം സുധാകരൻ പത്ത് മണിക്ക് തന്നെ വേദിയിലെത്തി. എന്നാൽ, ഏറെ നേരം കാത്തിരുന്നിട്ടും മറ്റു അതിഥികൾ എത്തിയില്ല. സംഘാടകരും മറ്റു ക്ഷണിക്കപ്പെട്ടവരും എത്തിയെങ്കിലും ഉദ്ഘാടക പോലും 10.30നാണ് എത്തിയത്.
തുടർന്ന് 11 മണിയോടെയാണ് പരിപാടി ആരംഭിച്ചത്. ഇതിനിടെയാണ് പരിപാടി ആരംഭിക്കാൻ വൈകിയതിനെ തുടർന്ന് സംഘാടകരോട് ക്ഷോഭിച്ചുകൊണ്ട് ജി സുധാകരൻ പുറത്തേക്ക് പോയത്. മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി.ചന്ദ്രബാബു, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലാണ് സുധാകരൻറെ ഇറങ്ങിപ്പോക്ക്.