ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ ടീമിനായി ആര് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും യുവതാരം യശസ്വി ജയ്‌സ്‌വാളുമാണ് ഓപ്പണര്‍മാരായി ഇന്ത്യന്‍ ടീമിലുള്ളത്. ഇന്ത്യയുടെ ഓപ്പണിംഗിനെ കുറിച്ച് ഇപ്പോള്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുകയാണ് മുന്‍ താരം വസീം ജാഫർ.
ടി20 ലോകകപ്പില്‍ വിരാട് കോഹ്‌ലിക്കൊപ്പം യുവതാരം യശസ്വി ജയ്‌സ്‌വാള്‍ ഓപ്പണിംഗിനിറങ്ങണമെന്നും വസീം ജാഫറുടെ അഭിപ്രായം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിനുള്ള കാരണവും വസീം ജാഫര്‍ വ്യക്തമാക്കി.
‘കോഹ്‌ലിക്കൊപ്പം ജയ്‌സ്‌വാള്‍ ഓപ്പണിംഗിനിറങ്ങണമെന്നാണ് എന്റെ അഭിപ്രായം. ടീമിന് ലഭിക്കുന്ന തുടക്കത്തിന് അനുസരിച്ച് രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും മൂന്നും നാലും നമ്പറുകളില്‍ ബാറ്റ് ചെയ്യണം. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന താരമാണ് രോഹിത്. അതിനാല്‍ നാലാം നമ്പറില്‍ അദ്ദേഹം കളിക്കുന്നതില്‍ ആശങ്കയുണ്ടാവില്ല’, വസീം ജാഫര്‍ പറഞ്ഞു.
നേരത്തെ യശസ്വി ജയ്‌സ്‌വാളിന്റെ ഐപിഎല്‍ പ്രകടനത്തില്‍ ആശങ്ക ഉയര്‍ത്തി നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ജയ്സ്വാളിന്റെ മോശം ഫോം ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാവുമെന്ന് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ജയ്സ്വാളിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. സീസണിലെ 15 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും സഹിതം 435 റണ്‍സാണ് ജയ്‌സ്വാളിന് നേടാനായത്. ഈ സാഹചര്യത്തിലാണ് ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
‘ബിസിസിഐ ഒന്നുകൂടി പരിഗണിക്കേണ്ട കാര്യമാണിത്. ഇടം കൈയന്‍ ബാറ്ററാണ് എന്നതാണ് ജയ്‌സ്വാളിനെ ഓപ്പണിങ്ങിലെത്തിച്ചത്. അതുകൊണ്ട് തന്നെ എതിര്‍ ടീമുകള്‍ ഇടംകൈയന്‍ സ്പിന്നര്‍മാരെ തുടക്കത്തില്‍ തന്നെ ഇറക്കില്ല. ജയ്സ്വാള്‍ ഫോമിലാണെങ്കില്‍ അവര്‍ ചെറുതായൊന്ന് മടിക്കും. എന്തായാലും താരത്തിന്റെ നിലവിലെ ഫോമില്‍ ടീം രണ്ടാമതൊന്ന് ആലോചിക്കും’, ഇര്‍ഫാന്‍ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.