പുരാതനകാലം മുതൽ നമ്മുടെ തറവാടുകളിൽ സർപ്പക്കാവുകളും കുളവും ഒക്കെ ഉണ്ടായിരുന്നു. ചിത്രകൂടത്തിലോ നാഗപ്രതിമയിലോ നാം അവരെ കുടിയിരുത്തി വർഷത്തിലൊരിക്കലോ ആയില്യം തോറുമോ നാം അവയ്ക്ക് നൂറും പാലും നൽകി. വീടുകളിലും ക്ഷേത്രങ്ങളിലും കളമെഴുത്തും പാട്ടും നടത്തിയിരുന്നു. പുള്ളുവനും പുള്ളുവത്തിയും പുള്ളോർക്കുടം മീട്ടി പാടി സർപ്പദോഷങ്ങൾ ഇല്ലാതാക്കിയിരുന്നു. സന്തതി പരമ്പരകൾക്കായി പ്രാർഥിച്ചിരുന്നു. കേരളം ഒരു കാലത്ത് നാഗലോകം എന്നാണു പരാമർശിക്കപ്പെട്ടിരുന്നത്.
മലയാളി സ്ത്രീകൾ പണ്ടു മുതലേ നാഗഫണത്താലിയും നാഗവളയും ഒക്കെ ധരിക്കുന്നു. വിഷ ചികിത്സയ്ക്ക് വിദഗ്ധരായ വൈദ്യന്മാരും നമുക്കുണ്ടായിരുന്നു. വിഷം തൊട്ട ഒരാൾ വരുന്നതും കാത്ത് അത്താഴം ഉണ്ണാതെ കാത്തിരുന്ന ദിവ്യന്മാരും അന്നു ധാരാളമായിരുന്നു. അത്താഴശേഷം വരുന്ന രോഗി മരിക്കും എന്നും അന്ന് വിശ്വസിച്ചിരുന്നു. സർപ്പക്കാവുകളോ സർപ്പങ്ങളെയോ നശിപ്പിക്കുകയോ കൊല്ലുകയോ ചെയ്താൽ സർപ്പബലി പോലുള്ള പരിഹാരങ്ങൾ നടത്തേണ്ടിവരും. അല്ലാത്തപക്ഷം അനേകം തലമുറകൾ ദുരിതം അനുഭവിക്കേണ്ടിവരും.
നൂറും പാലും നൽകുകയും പാമ്പിൻ പുറ്റും മുട്ടയും വെള്ളിയിലോ സ്വർണത്തിലോ തീർത്ത് സർപ്പക്ഷേത്രങ്ങളിൽ സമർപ്പിക്കുകയും ഒക്കെ ചെയ്യുന്നതും ഒക്കെ പരിഹാരങ്ങളാണ്. കാവുകൾ വെട്ടി നശിപ്പിക്കാൻ പാടില്ല. കാവുകൾ വെറുതെ മാറ്റാനാവില്ല. ദേവപ്രശ്നം നോക്കി കാവുമാറ്റാൻ അനുമതി ലഭിച്ചാൽ മാറ്റാം. മറ്റൊരു സ്ഥലത്തു പ്രതിഷ്ഠിക്കുകയോ ആവാഹിച്ച് ഏതെങ്കിലും സർപ്പ സങ്കേതത്തിൽ സമർപ്പിക്കുകയോ ചെയ്യേണ്ടിവരും. കാവിലെ മരം മുറിക്കുന്നതു ദോഷമാണ്. ഒരു മരം വെട്ടിയാൽ പകരം മരം വച്ചുപിടിപ്പിക്കണം ഒപ്പം അഭിഷേകാദി പരിഹാരങ്ങളും ചെയ്യണം.
ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല. സർപ്പങ്ങൾ പുറ്റിൽ തപസ്സിരിക്കുന്നു എന്നും സർപ്പങ്ങൾ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്. അതിനാൽ ഈ സമയം ഒഴിവാക്കേണ്ടതാണ്.നാഗങ്ങൾ വളരെയധികം പരിശുദ്ധിയുളളവരാണ്. അവർക്കു പാലഭിഷേകം പാടില്ല. രക്തത്തിൽ നിന്നാണ് പാലുണ്ടാകുന്നത് അത് അശുദ്ധിയെ വിളിച്ചുവരുത്തുന്നതാണ്. അതു മാത്രവുമല്ല. ഇന്ന് മാർക്കറ്റിൽ കിട്ടുന്നത് പരിശുദ്ധ പാലുമല്ല. അതിനാൽ ഗുണത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിപരീതഫലം നൽകും. കരിക്കഭിഷേകമാണു കൂടുതൽ ഉത്തമം.
സർപ്പാരാധന പ്രകൃതിയെ സ്നേഹിക്കൽ കൂടിയാണ്. സർപ്പമുള്ള കാടുകൾ വെട്ടിത്തെളിക്കാൻ ഒരാളും ഇന്നും ധൈര്യപ്പെടില്ല, നമ്മുടെ ഈ നല്ല പാരമ്പര്യത്തെ നമുക്കു കാത്തുസൂക്ഷിക്കാം.