ജക്കാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവതത്തിൽ നിന്നും തണുത്ത ലാവാപ്രവാഹത്തെ തുടർന്ന് മിന്നൽപ്രളയം. ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലുള്ള മറാപ്പി അഗ്നിപർവതത്തിൽ നിന്നാണ് തണുത്ത ലാവാപ്രവാഹമുണ്ടായത്. മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും അമ്പതിലേറെ പേർ മരിച്ചെന്നും നിരവധി പേരെ കാണാതായെന്നുമാണ് റിപ്പോർട്ട്.
കാണാതായവർക്കായി ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പ്രവിശ്യാ റെസ്ക്യൂ ടീം മേധാവി പറഞ്ഞു. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യതയെന്നാണ് വിവരം. മഴയത്ത് അഗ്നിപർവതം പുറന്തള്ളുന്ന പദാർത്ഥങ്ങളുടെയും ഉരുളൻ കല്ലുകളുടെയും മിശ്രിതമായ ലാഹാർ എന്നറിയപ്പെടുന്ന തണുത്ത ലാവാപ്രവാഹമാണ് ദുരന്തകാരണം. പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
പലയിടത്തും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. വെള്ളത്തിനൊപ്പം അഗ്നിപർവതത്തിന്റെ തണുത്ത ലാവയും ജനവാസ മേഖലകളിലേക്ക് പ്രവഹിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10:30ന് പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ അഗം, തനഹ് ദാതാർ ജില്ലകളിൽ പ്രകൃതി ദുരന്തമുണ്ടായതായി സർക്കാർ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞയാഴ്ച സൗത്ത് സുലവേസിയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വീടുകളും റോഡുകളും തകർന്ന് 15 പേർ മരിച്ചിരുന്നു. സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവതവും ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ 130 അഗ്നിപർവതങ്ങളിലൊന്നുമായ മറാപ്പിയിൽ നിന്നുള്ള തണുത്ത ലാവയാണ് ശനിയാഴ്ചത്തെ വെള്ളപ്പൊക്കത്തിൽ താഴേക്ക് ഒഴുകിയത്.
9,465 അടി ഉയരമുള്ള മറാപ്പി അഗ്നിപർവതം ഡിസംബറിൽ പൊട്ടിത്തെറിച്ചിരുന്നു. 9,800 അടി ഉയരത്തിൽ ആകാശത്തേക്ക് ചാരപ്പുക ഉയർന്നതായാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായ സ്ഫോടനത്തിൽ പർവതത്തിൽ കുടുങ്ങിയ 23 പർവതാരോഹകർ കൊല്ലപ്പെട്ടിരുന്നു.