സിഎസ്‌ഐആര്‍ ലാബുകളിലെ ജീവനക്കാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും തിങ്കളാഴ്ച ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാന്‍ നിര്‍ദേശം


ന്യൂഡല്‍ഹി: കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ എല്ലാ ലാബുകളിലെയും ജീവനക്കാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഒരു ദിവസം ഇസ്തിരിയിടാത്ത വസ്ത്രം ഉപയോഗിക്കാന്‍ നിര്‍ദേശം. തിങ്കളാഴ്ച ദിവസം ഇസ്തിരിയിടാത്ത വസ്ത്രം ധരിച്ചെത്താം. പരിസ്ഥിതി-ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായി ആരംഭിച്ച ‘റിങ്കിള്‍സ് അഛാ ഹെ'(ചുളിവ് നല്ലതാണ്) എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

ഡല്‍ഹി സിഎസ്ഐആര്‍ ആസ്ഥാനത്ത് ക്യാമ്പയിന്റെ ഭാഗമായി ഇസ്തിരിയിടാത്ത വസ്ത്രം ധരിച്ചാണ് കഴിഞ്ഞ ദിവസം എത്തിയത്. കൂടാതെ കറന്റ് ലാഭിക്കാന്‍ കൂടിയാണ് പുതിയ തീരുാനത്തിലൂടെ ലക്ഷ്യമിടുന്നത്. 30 മിനിറ്റ് ഇസ്തിരി ഇടുന്നത് വഴി ഒരു കിലോ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തല്‍.

സിഎസ്ഐആര്‍ ലാബുകളില്‍ വൈദ്യുതി ഉപഭോഗം 10 ശതമാനം കുറയ്ക്കാനും തീരുമാനമുണ്ട്. കഴിഞ്ഞവര്‍ഷവും പല സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള പ്രചാരണം ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിനെതിരായ ആഗോള പോരാട്ടത്തില്‍ ഏറ്റവും ചെറിയ കാര്യങ്ങള്‍ക്ക് എങ്ങനെ സംഭാവന നല്‍കാമെന്നും ജനങ്ങളെ ബോധവാന്മാരാക്കുന്നതാണ് പുതിയ സംരംഭമെന്ന് അധികൃതര്‍ പറഞ്ഞു.