കേരളത്തിന്റെ സ്ഥിതി വളരെ മോശം, ഉടന്‍ കേന്ദ്ര ധനസഹായം വേണം: അഭ്യര്‍ത്ഥനയുമായി കേരളം


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി വളരെ മോശം നിലയിലാണെന്നും സമയബന്ധിത സഹായം വേണമെന്നും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനം നല്‍കിയ നിവേദനങ്ങളില്‍ ഉടന്‍ തീരുമാനം വേണമെന്നും ആവശ്യം ഉന്നയിക്കും. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഖജനാവ് വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്.

ഈ സാഹചര്യത്തില്‍ കേന്ദ്ര സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം. കടമെടുപ്പ് പരിധി കൂട്ടി നല്‍കണമെന്ന ആവശ്യം ഇന്ന് ഉന്നയിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് നല്‍കുന്ന കേന്ദ്ര സഹായം കുറവാണെന്ന നിവേദനത്തിന്‍മേല്‍ തീരുമാനം ഉടന്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജിഎസ്ടി ഇനത്തില്‍ ലഭിക്കാനുള്ള തുക വേഗത്തില്‍ ലഭ്യമാക്കണം എന്ന ആവശ്യവും ഉന്നയിക്കും.