മകനെ മദ്യപിക്കാൻ ക്ഷണിച്ചത് എതിർത്തു: കൊല്ലത്ത് യുവതിയ്ക്ക് ക്രൂര മർദ്ദനം, അറസ്റ്റ്


കൊല്ലം: സുഹൃത്തിന്റെ അമ്മയെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ. വടക്കേ മൈലക്കാട് സ്വദേശി സോജൻ പീറ്ററിനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ മദ്യപിക്കാൻ ക്ഷണിച്ചതിനെ എതിർത്തതിനാണ് മൈലക്കാട് സ്വദേശി സ്റ്റെല്ലയ്ക്ക് മര്‍ദ്ദനമേറ്റത്. സ്റ്റെല്ലയുടെ മകൻ റോണിയുടെ സുഹൃത്താണ് പ്രതി സോജൻ പീറ്റര്‍. ഇരുവരും പതിവായി ഒരുമിച്ച് മദ്യപിക്കുമായിരുന്നു.

വ്യാഴാഴ്ച സോജൻ പീറ്റര്‍ മദ്യപിക്കാൻ തീരുമാനിച്ച് റോണിയെ കൂട്ടുവിളിക്കാൻ വേണ്ടി ഇവരുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ റോണി മദ്യപിക്കാൻ വരുന്നില്ലെന്നും മേലാൽ ഈ ആവശ്യവും പറഞ്ഞ് വീട്ടിൽ വരരുതെന്നും സ്റ്റെല്ല സോജൻ പീറ്ററിനെ വിലക്കി.  പ്രകോപിതനായ സോജൻ വീടിന്റെ സിറ്റ് ഔട്ടിൽ നിൽക്കുകയായിരുന്ന സ്റ്റെല്ലയെ ആക്രമിക്കുകയായിരുന്നു.

read also: രാമക്ഷേത്രത്തിൽ വീണ്ടും ദർശനവും പൂജയും നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

സ്റ്റെല്ലയുടെ മുഖത്ത് കൈവീശി അടിച്ച പ്രതി ഇവരുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചു.   മര്‍ദ്ദനമേറ്റ് സ്റ്റെല്ല നിലവിളിക്കുന്നതും കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇവരാണ് സോജന്റെ ആക്രമണത്തിൽ നിന്ന് സ്റ്റെല്ലയെ രക്ഷിച്ചത്. പിന്നാലെ ഇവിടെ നിന്നും മടങ്ങിയ സോജൻ പീറ്റര്‍ ഒളിവിൽ പോയി. മര്‍ദ്ദനത്തിൽ പരിക്കേറ്റ സ്റ്റെല്ല പോലീസിൽ പരാതി നൽകിയിരുന്നു. സോജനെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.