കേരളത്തിന്റെ മൂന്നാം വന്ദേഭാരത് അടുത്ത മാസം സർവീസ് ആരംഭിക്കും: എറണാകുളം – ബെംഗളുരു വന്ദേഭാരതിന്റെ സ്റ്റോപ്പുകൾ അറിയാം
കൊച്ചി: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ അടുത്തമാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. എറണാകുളം ബെംഗളുരു റൂട്ടിലായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക എന്ന് ഏതാണ്ട് ഉറപ്പായി. തിരുവനന്തപുരം – കോയമ്പത്തൂർ റൂട്ടും റയിൽവെയുടെ പരിഗണനയിലുണ്ടായിരുന്നെങ്കിലും എറണാകുളം ബെംഗളുരു റൂട്ട് തന്നെയാണ് അധികൃതരുടെ പ്രഥമ പരിഗണനയിലുള്ളത്.
കോയമ്പത്തൂരിനെക്കാൾ തിരക്കുള്ള റൂട്ടാണ് ബെംഗളുരു എന്നതാണ് എറണാകുളം – ബെഗംളുരു റൂട്ടിൽ വന്ദേഭാരത് ഓടിക്കാൻ റയിൽവെയെ പ്രേരിപ്പിക്കുന്നത്. ആയിരക്കണക്കിന് മലയാളികളാണ് ബെംഗളുരുവിൽ ജോലി ചെയ്യുന്നത്. പഠന ആവശ്യങ്ങൾക്കും മറ്റുമായി ബെംഗളുരുവിനെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം വേറെയുമുണ്ട്. ഈ സാഹചര്യത്തിൽ എറണാകുളം – ബെംഗളുരു വന്ദേഭാരത് സൂപ്പർഹിറ്റാകുമെന്ന കണക്കുകൂട്ടലിലാണ് റയിൽവെ അധികൃതർ.
ദിവസവും രാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി തിരികെ എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണം എന്നാണ് റിപ്പോർട്ട്. രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് ബംഗളൂരുവിൽ എത്തുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 2.05ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്ത് തിരികെ എത്തുന്നതായിരിക്കും ക്രമീകരണം എന്നാണ് വിവരം.
കേരളത്തിൽ എറണാകുളത്തിന് പുറമേ തൃശൂർ, പാലക്കാട് എന്നിവയായിരിക്കും എട്ട് കോച്ചുകളുള്ള ട്രെയിനിന് സ്‌റ്റോപ്പുകളുണ്ടായിരിക്കുക. കോയമ്പത്തൂരിലും സ്റ്റോപ് ഉണ്ടാകും. നേരത്തെ തന്നെ ഈ റൂട്ട് പരിഗണിച്ചെങ്കിലും കേരളത്തിലെത്തിച്ച ട്രെയിൻ പിന്നീട് മടക്കി കൊണ്ടുപോയിരുന്നു. കേരളത്തിൽ തിരുവനന്തപുരം- മംഗലാപുരം റൂട്ടിലാണ് നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളും ഓടുന്നത്. ഈ രണ്ട് ട്രെയിനുകൾക്കും ടിക്കറ്റിന് വലിയ ഡിമാൻഡ് ആണ് ഉള്ളത്.