ഓണാട്ടുകരയുടെ പരദേവതയായ സ്വന്തം ചെട്ടികുളങ്ങരയമ്മ… | chettikulangara temple, chettikulangara devi, Kerala, Latest News, Devotional
തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ചെട്ടികുളങ്ങരയമ്പലത്തിൽ നിന്നാണ്..ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു. ഓണാട്ടുകരയുടെ പരദേവതയായും ചെട്ടികുളങ്ങര ദേവിയെ കണക്കാക്കുന്നു. മാവേലിക്കരക്കു പടിഞ്ഞാറു കായംകുളം റൂട്ടിൽ ആണ് ചെട്ടികുളങ്ങര ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇവിടെ പ്രതിഷ്ഠ ഭദ്രകാളിയാണെങ്കിലും പ്രഭാതത്തിൽ ദേവി സരസ്വതിയായും മധ്യാഹ്നത്തിൽ മഹാലക്ഷ്മിയായും സായംസന്ധ്യ നേരത്ത് ശ്രീ ദുർഗ അഥവാ ഭദ്രകാളി എന്നീ രൂപങ്ങളിലും വിരാജിക്കുന്നു എന്നാണ് സങ്കൽപ്പം. അതുകൊണ്ട് തന്നെ പ്രഭാതത്തിലും മധ്യാഹ്നത്തിലും സായം കാലത്തും വ്യത്യസ്ത പൂജകളാണ് ഇവിടെ നടത്തപ്പെടുന്നത്. 13 കരകൾ ഉൾപ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ്. ഈ കരകളിൽ നിന്ന് ചെട്ടികുളങ്ങര ഉത്സവമായ ദേവിയുടെ നക്ഷത്രമായ കുംഭത്തിലെ ഭരണി നാളിൽ വിവിധ തരം കെട്ടുകാഴ്ചകൾ ക്ഷേത്ര വളപ്പിലെക്കെത്തുന്നു. .
പ്രധാന വഴിപാടുകൾ , കുത്തിയോട്ടം, ചാന്താട്ടം, നിറമാല, തുടങ്ങിയവയാണ്.എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു. 2020 വരെ ദിവസം 9 ആൾക്കാർ വീതം ഈ വഴിപാട് മുൻകൂർ ഉറപ്പിച്ചു കഴിഞ്ഞു.
ഐതീഹ്യം.
———————
പണ്ട് ഈരെഴ തെക്ക് കരയിലെ ചെമ്പോലിൽ തറവാട്ടിലെ കുടുംബ നാഥനും സുഹൃത്തുക്കളും തങ്ങളുടെ അടുത്ത പ്രദേശത്ത് ഉത്സവം കാണാൻ പോയി.അവിടുത്തെ കരപ്രമാണിമാർ ഇവരെ എന്തോ പറഞ്ഞു അപമാനിച്ചു. ദുഖിതരായി മടങ്ങിയ അവർ തങ്ങൾക്കും ചെട്ടികുളങ്ങരയിൽ ഒരു ക്ഷേത്രം വേണമെന്ന് തീരുമാനിച്ചു. അതിനായി പല പുണ്യ ക്ഷേത്രങ്ങളിലും അവർ തീർഥാടനം നടത്തി.അങ്ങനെ ക്ഷീണിതരായി കൊടുങ്ങലൂരിൽ വന്നു രാത്രി വിശ്രമിക്കവേ, കുടുംബ നാഥന് സ്വപ്ന ദർശനം ഉണ്ടായി. വെളിച്ചപ്പാട് തുള്ളിയുറഞ്ഞു ചെട്ടികുളങ്ങരയിൽ ക്ഷേത്രമുണ്ടാകുമെന്നു അരുളിച്ചെയ്തു .. കുടുംബ നാഥനും സംഘവും മടങ്ങിയെത്തി. ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ ഒരു രാത്രി കരിപ്പുഴ കടവിൽ വള്ളത്തിനായി ഒരു വൃദ്ധ കാത്തു നില്‍ക്കുന്നത് തോണിക്കാരൻ കണ്ടു.. അമ്മ എങ്ങോട്ട് പോകുന്നെന്ന ചോദ്യത്തിന് ചെട്ടികുളങ്ങരക്കെന്നു മറുപടി. തോണിക്കാരൻ അമ്മയെ ഇക്കരെ എത്തിച്ചു. തനിയെ പോകേണ്ട എന്ന് പറഞ്ഞ തോണിക്കാരനും വൃദ്ധയ്ക്കു കൂട്ടായി ചെന്നു. വൃദ്ധ വഴിയരികിലെ ആഞ്ഞിലി മരച്ചുവട്ടിൽ വിശ്രമിച്ചു.
തോണിക്കാരൻ കണ്ണ് തുറന്നപ്പോൾ അമ്മയെ കാണാനില്ല. അടുത്ത ദിവസം ചെട്ടികുളങ്ങര ക്ഷേത്രത്തിനടുത്തുള്ള ഒരു ഗൃഹത്തിൽ പുര മേച്ചിൽ നടക്കുകയായിരുന്നു. അവിടെയെത്തിയ വൃദ്ധ തനിക്കു കൂടി ആഹാരം തരാൻ ആവശ്യപ്പെട്ടു. അവർ മുതിരപുഴുക്കും കഞ്ഞിയും വിളമ്പി അത് കഴിച്ച ശേഷം വൃദ്ധ അപ്രത്യക്ഷയായി. തുടർന്ന് നടത്തിയ ജ്യോത്സ്യ പ്രശ്നത്തിൽ ആ ദർശിച്ചതെല്ലാം ദേവീ സന്നിധ്യമായിരുന്നെന്നു കണ്ടെത്തി. അങ്ങനെ ദേവിക്കായി നാട്ടുകാരെല്ലാം കൂടി ക്ഷേത്രം നിർമ്മിച്ചു.
കുത്തിയോട്ടം
————————-
ഭക്ത ജനങ്ങള്‍ നടത്തുന്ന കുത്തിയോട്ടം ആണ് ഇവിടുത്തെ ഏറ്റവും പ്രധാനമായ വഴിപാട്. ഇവിടെയുള്ള പ്രദേശങ്ങളില ഉള്ള ആളുകള്‍ നടത്തുന്ന വഴിപാടാണ് ഇത്. വളരെയേറെ ചിലവുള്ള ഈ വഴിപാട് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്..ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്‍കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു.കുത്തിയോട്ടം നടത്തുന്ന ശിവരാത്രി മുതൽ ഭരണി വരെ 7 ദിവസവും വീട്ടില്‍ വരുന്നവർക്ക് വെള്ളം മുതൽ സദ്യ വരെ വീട്ടുകാർ ആതിത്യ മര്യാദകളോടെ നല്കുന്നു.ഇതിനു വേണ്ടി ചെറിയ ബാലന്മാരെ വീട്ടുകാരുടെ സമ്മതത്തോടെ തെരഞ്ഞെടുകുന്നു.
ഈ 7 ദിവസും വ്രതാനുഷ്ടാനങ്ങളോടെ ബാലന്മാർ ആചാരാനുഷ്ടാനങ്ങൾ പഠിക്കുന്നു.. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ് എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്. ഘോഷയാത്രയായി താലപ്പൊലിയും മേളവുമായിട്ടാണ് എഴുന്നെള്ളത്. ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച് അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച് കയ്യിൽ പഴുക്കാപ്പാക്ക് തറച്ച കത്തി പിടിപ്പിക്കും. പിന്നീട് കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ് ചൂരൽ മുറിയൽ..ബാലന്മാരെ വെഞ്ചാമരം വീശിയും കുത്തിയോട്ട പാട്ടുകൾ പടി ചുവടു വെച്ചും ക്ഷേത്രതിലെതിക്കുന്നു. ശരീരത്തില കോർത്ത സ്വർണ്ണ നൂല ഊരിയെടുത്തു കാണിക്കയായി അർപ്പിക്കുന്നതോടെ കുത്തിയോട്ടതിനു സമാപ്തിയാവും ..പിന്നീട് പ്രശ്നം വെച്ച് ദേവി തങ്ങളുടെ വഴിപാടിൽ തൃപ്തയാണോ എന്ന് നോക്കി, ത്രുപ്തയല്ലെങ്കിൽ വീണ്ടും വഴിപാട് നടത്തണമെന്നാണ് കരുതുന്നത്.
ചെട്ടികുളങ്ങരയമ്മയുടെ കഞ്ഞി
———————————————————-
ഓണാട്ടു കരയുടെ കണ്ണായ ഭാഗമാണ് ചെട്ടികുളങ്ങര ….. അവിടുത്തെ കഞ്ഞിയിലും ഓണാട്ടുകര പഴമ കാണാം . കഞ്ഞി , അസ്ത്രം , മുതിര പുഴുക്ക് , ഉണ്ണി അപ്പം , അവല് , മാങ്ങാ അച്ചാര്‍ , പപ്പടം , പഴം എന്നിവയാണ് കഞ്ഞിയുടെ വിഭവങ്ങള്‍ ……… നമ്മുടെ പിതാക്കന്മാരുടെ അതേ ആഹാരം ..ചെട്ടികുളങ്ങര ഭരണി കഴിഞ്ഞാല്‍ , ചെട്ടികുളങ്ങര അമ്പലത്തിലെ കഞ്ഞി ആണ് ഏറ്റവും പ്രസിദ്ധം . ഒരു വര്‍ഷം മുഴുവനും ഒരു നേരത്തെ ആഹാരമായി നൂറുകണക്കിന് ആളുകള്‍ക്ക് കഞ്ഞി നല്കുന്ന മറ്റു ക്ഷേത്രങ്ങള്‍ കേരളത്തില്‍ ചെട്ടികുളങ്ങര പോലെ ഉണ്ടോ എന്ന് സംശയം ആണ് .. അമ്പലത്തിനു തെക്കായി ഒരു അന്നദാന മന്ദിരം ഉണ്ട് . അവിടെ കഞ്ഞി കുടികുവാന്‍ Q ഉണ്ട് . ചൊവ്വ , വെള്ളി ദിവസങ്ങളില്‍ എഴുനൂറു പേരെങ്കിലും കഞ്ഞി കുടിക്കുവാന്‍ കാണും… ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം..മധ്യതിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിയുടെ പഴയ ഓർമ്മകൾ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണാം…
കൊഞ്ചും മാങ്ങ കറി
————————————–
ഒരു ഭരണി നാളിൽ കൊഞ്ചും മാങ്ങ പാകം ചെയ്യുന്നത്തിനിടെ വിടിനു സമീപത്തു കൂടെ കുത്തിയോട്ട ഘോഷയാത്ര കടന്നു പോയപ്പോൾ, ഘോഷയാത്ര കാണണം എന്ന് ആ വീട്ടമ്മക്ക് അതിയായ ആഗ്രഹം ഉണ്ടായി. എന്നാൽ അടുപ്പിൽ ഇരിക്കുന്ന കൊഞ്ചും മാങ്ങ വിട്ടുപോകാൻ വിട്ടമ്മക്ക് ആകുമായിരുന്നില്ല. ഒടുവിൽ കറി കരിയരുതേ എന്ന് ഭഗവതിയെ വിളിച്ചപേക്ഷിച്ചു വിട്ടമ്മ കുത്തിയോട്ടം കാണാൻ പോയി. കുറച്ചു താമസിചെത്തിയിട്ടും . മടങ്ങി എത്തിയപ്പോൾ കറി തയ്യാറായിരുന്നു. ഒട്ടും കരിയാതെ . ഈ കാര്യം പ്രദേശമാകെ പരന്നു . കാലാന്തരത്തിൽ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭഭരണിക്ക് ചെട്ടികുളങ്ങരകാർക്ക് ഒഴിച്ചു കുടാനാവാത്തതായി . കൊടുങ്ങല്ലോരിൽ നിന്നും ചെട്ടികുളങ്ങരയിലെത്തിയ ഭഗവതിക്ക് കരയിലെ ഒരു വിട്ടിൽ നിന്നും കൊഞ്ചും മാങ്ങയും കൂട്ടി ഭക്ഷണം നൽകി എന്നാണ് മറ്റൊരു ഐതിഹ്യം.
കെട്ടുകാഴ്ച
——————-
നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് കെട്ടുകാഴ്ച്ചക്ക്. ഉത്സവ ദിവസം ഉച്ചക്ക് ശേഷമാണു കെട്ടുകാഴ്ച . ഊണൊക്കെ കഴിഞ്ഞു ഭക്തജനങ്ങൾ ക്ഷേത്രതിലെക്കൊഴുകുകയായി . വാഹനങ്ങൾ ചുറ്റുവട്ടത്തു നിരോധിക്കും . ജനസാഗരമാണ് പിന്നീട്. 13 കരക്കാരുടെ വകയാണ് കെട്ടുകാഴ്ച.എടുപ്പുകുതിരകളും രഥങ്ങളും ഭീമൻ, പാഞ്ചാലി, ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു..നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക.ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല..