ഷാര്‍ജ: ഗള്‍ഫ് മേഖലയിലേക്ക് ചെലവു കറഞ്ഞ വിമാന സര്‍വീസുകള്‍ നടത്തുന്ന കമ്പനിയായ എയര്‍ അറേബ്യ, വന്‍ വിലക്കുറവില്‍ ടിക്കറ്റ് വില്‍പന നടത്തുന്ന പ്രത്യേക ഓഫര്‍ ആരംഭിച്ചു. സൂപ്പര്‍ സീറ്റ് സെയില്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്‌കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സര്‍വീസ് ശൃംഖലയില്‍ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുമെന്നാണ് എയര്‍ അറേബ്യ അറിയിച്ചിരിക്കുന്നത്. കേരളത്തിലേത് ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്ക് 5,677 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഏപ്രില്‍ 22 മുതല്‍ മേയ് അഞ്ച് വരെ ഇപ്പോഴത്തെ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകളെടുക്കാം. 2024 ഒക്ടോബര്‍ 27 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 29 വരെയുള്ള കാലയളവിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാന്‍ സാധിക്കുക. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്കുള്ള യാത്രകളും 5,677 രൂപ മുതലുള്ള ഓഫര്‍ ടിക്കറ്റില്‍ ഉള്‍പ്പെടുന്നുണ്ട്.