പത്തനംതിട്ടയിൽ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്ത സംഭവം: ഒന്നാംപ്രതി ബി.എല്‍.ഒ. അമ്പിളി അറസ്റ്റില്‍
പത്തനംതിട്ട: ആറന്മുള മെഴുവേലിയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്ത കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) അമ്പിളിയാണ് അറസ്റ്റിലായത്. അമ്പിളിയെ അറസ്റ്റിനുശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. മെഴുവേലി ഒന്നാംവാര്‍ഡ് മെമ്പര്‍ ശുഭാനന്ദന്, ബി.എല്‍.ഒ. അമ്പിളി എന്നിവര്‍ക്കെതിരെയാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ (എ.ആര്.ഓ.) നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേസെടുത്തത്.
ഇലവുംതിട്ട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നാല് വര്‍ഷം മുമ്പ് മരിച്ച പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ അന്നമ്മയുടെ പേരില്‍ കള്ളവോട്ട് ചെയ്തു എന്നാണ് കേസ്. ഇവരുടെ പേരില്‍ വീട്ടില്‍ വോട്ടിന് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 18-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ബി.എല്‍.ഒയും വാര്‍ഡ് മെമ്പറും അടക്കമുള്ളവര്‍ വീട്ടിലെത്തി. 94-കാരിയുടെ പേരില്‍ ലഭിച്ച അപേക്ഷയിന്മേല് ഇവരുടെ മരുമകള്‍ 72-കാരി അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു പരാതി.
എല്‍.ഡി.എഫ്. പ്രാദേശിക നേതൃത്വമാണ് ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയത്. ബി.എല്‍.ഒ. യു.ഡി.എഫ്. പ്രവര്‍ത്തകയാണെന്നും ബി.എല്‍.ഒയും വാര്‍ഡ് അംഗവും ഒത്തുകളിച്ചതാണെന്നും എല്‍.ഡി.എഫ്. ആരോപിച്ചിരുന്നു. സംഭവത്തില്‍ പിഴവ് സംഭവിച്ചുവെന്ന് ബി.എല്‍.ഒ. പിന്നീട് സമ്മതിച്ചിരുന്നു. പിന്നാലെ അമ്പിളി അടക്കം പോളിങ് ഓഫീസര്‍മാരായ ദീപ, കലാ തോമസ് എന്നിവര്‍ക്ക് സസ്പെന്ഷന് ലഭിച്ചു.
രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സബ്കളക്ടറുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. കിടപ്പുരോഗിയായ അന്നമ്മയുടെ വിവരങ്ങള്‍ വീട്ടിലെത്തിയ പോളിങ് ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധിക്കാതെയാണ് വോട്ട് രേഖപ്പെടുത്തിയത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.