ചരിത്രത്തിൽ ആദ്യം: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവിയിലേക്ക് ഒരു വനിത


ലക്നൗ: ചരിത്രത്തിലാദ്യമായി അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ (AMU) വൈസ് ചാൻസലർ പദവിയിലേക്ക് ഒരു വനിത എത്തുന്നു. വനിതാ കോളേജ് പ്രിൻസിപ്പലായിരുന്ന നൈമ ഖാത്തൂൻ ആണ് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടത്. നൈമയുടെ നിയമന ഉത്തരവിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചതോടെ പുതിയൊരു ചരിത്രമാണ് പിറന്നത്.

നേരത്തെ വനിതാ കോളേജ് പ്രിൻസിപ്പലായിരുന്നു നൈമ ഖാതൂൻ. അലി​ഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജി വിഭാഗത്തിൽ ഡോക്ടറേറ്റ് സ്വന്തമാക്കിയ ഇവർ അതേ ഡിപ്പാർട്ട്മെന്റിൽ അദ്ധ്യാപികയായി 1988-ലായിരുന്നു കരിയർ ആരംഭിച്ചത്. 2006ൽ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ച നൈമ 2014 മുതൽ മറ്റൊരു കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ 100 വർഷത്തിനിടയ്‌ക്ക് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി അലങ്കരിച്ചവരിൽ സ്ത്രീകളുണ്ടായിട്ടില്ല. 1875ൽ സ്ഥാപിതമായ മുഹമ്മദൻ ആം​ഗ്ലോ-ഓറിയന്റൽ കോളേജാണ് 1920ൽ അലി​ഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയായി മാറിയത്. ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിൽ ഒന്നുകൂടിയാണ് എഎംയു. ചരിത്ര പ്രാധാന്യമേറെയുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിനിടയ്‌ക്ക് സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിൽ സ്ത്രീകൾ എത്തിയിരുന്നില്ല.

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. തുടർന്ന് കമ്മീഷൻ അനുമതി നൽകിയതോടെ നൈമയുടെ നിയമനം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. അടുത്ത അഞ്ച് വർഷത്തേക്കാണ് നിയമനം.