വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ ഡാനിയല്‍ ബാലാജിയുടെ അപ്രതീക്ഷിത മരണവാർത്തയുടെ ഞെട്ടലിലാണ് തമിഴകം. 48 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരേ ഒരു ആഗ്രഹത്തിന് വേണ്ടി സിനിമയിലേക്ക് വന്ന്, അവസാനം അത് നടക്കാതെയാണല്ലോ അദ്ദേഹം മരണപ്പെട്ടത് എന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. അമ്മാവന്‍ സിദ്ദലിംഗയ്യയുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയില്‍ എത്തിയ ബാലാജിയുടെ ആഗ്രഹവും, അമ്മാവനെ പോലെ സംവിധായകനാകണം എന്നതായിരുന്നു. എന്നാൽ, അത് മാത്രം സാധ്യമായില്ല. ബാലാജിയുടെ ഏറ്റവും വലിയ സ്വപ്നവും അത് തന്നെ ആയിരുന്നു.
ചെന്നൈ തരമണി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡയറക്ഷൻ കോഴ്‌സ് അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. കമല്‍ ഹസന്റെ മരുദനായകം എന്ന ചിത്രത്തിന്റെ യൂനിറ്റ് പ്രൊഡക്ഷന്‍ മാനേജരായി തുടക്കം കുറിക്കുകയും ചെയ്തു. പക്ഷെ ആ സിനിമ മുടങ്ങിപ്പോയി. പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും സംവിധാനം ചെയ്യണം എന്ന മോഹം ബാലാജി അവസാനിപ്പിച്ചിരുന്നില്ല. അഭിനയിച്ച മിക്ക സിനിമയിലും സഹ സസംവിധായകനായും പ്രവൃത്തിച്ചു. സിനിമയും കഥയും എല്ലാം തയ്യാറായിരുന്നു. ഒരു നിര്‍മാതാവിനെ കിട്ടാനായിരുന്നു പ്രയാസം. അതിന് വേണ്ടി പലരെയും സമീപിച്ചിരുന്നു. എന്നാൽ, എത്ര തേടിയിട്ടും പറ്റിയ ഒരു നിർമാതാവിനെ കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. അവസാനം ആ ആഗ്രഹം ബാക്കിയാക്കി ബാലാജി മരണത്തിന് കീഴടങ്ങി.
ഒരിക്കല്‍ മരണത്തെ നേരിൽ കണ്ട് തിരിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന ആളാണ് താനെന്നും ബാലാജി വെളിപ്പെടുത്തിയിരുന്നു. രണ്ടാം കൊവിഡ് തരംഗത്തിലായിരുന്നു അത്. മൂര്‍ധന്യാവസ്ഥയിലേക്ക് പോയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാല്‍ ഇദ്ദേഹം മരിക്കും, അത് കഴിഞ്ഞിട്ട് നോക്കാം എന്ന നിലപാടായിരുന്നു ഡോക്ടര്‍മാര്‍ക്ക്. പക്ഷേ അതിനെയും താൻ അതിജീവിച്ചുവന്നു എന്നായിരുന്നു പിന്നീട് നൽകിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്. മരണത്തെ എപ്പോഴും താന്‍ പ്രതീക്ഷിക്കുന്നതായും അന്ന് ആ അഭിമുഖത്തില്‍ ബാലാജി തുറന്ന് പറഞ്ഞിരുന്നു.