ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എട്ടാം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. ഭരണകക്ഷി മുൻ നയതന്ത്രജ്ഞൻ തരൺജിത് സന്ധു ലിസ്റ്റിൽ ഉണ്ട്. സന്ധു അമൃത്സറിൽ നിന്ന് ആണ് ജനവിധി തേടുക. നടനും സിറ്റിംഗ് എംപിയുമായ സണ്ണി ഡിയോളിനെ ഗുരുദാസ്പൂരിൽ നിന്ന് ഒഴിവാക്കിയത് ഈ ലിസ്റ്റിലെ ശ്രദ്ധേയമായ കാര്യമാണ്. പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളിൽ ആറിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിലെ നോർത്ത്-വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള നിലവിലെ ബിജെപി എംപിയായ ഹൻസ് രാജ് ഹൻസ് പഞ്ചാബിലേക്ക് സ്ഥലം മാറ്റപ്പെട്ടു. ഇപ്പോൾ ഫരീദ്കോട്ട് പാർലമെൻ്റ് സീറ്റിലേക്ക് അദ്ദേഹം മത്സരിക്കും.
മുൻ കോൺഗ്രസ് പ്രവർത്തകരായ പ്രണീത് കൗറും രവ്നീത് സിംഗ് ബിട്ടുവും ബിജെപിയുടെ നിരയിലെ പ്രമുഖ വ്യക്തികളായി ഉയർന്നു. കൗർ അവരുടെ പരമ്പരാഗത കോട്ടയായ പട്യാലയിൽ നിന്നും ബിട്ടു ലുധിയാനയിൽ നിന്നും മത്സരിക്കും. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിൻ്റെ ഭാര്യയാണ് പ്രണീത് കൗർ. മൂന്ന് തവണ എംപിയായ ബിട്ടു മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിൻ്റെ ചെറുമകനാണ്.
അതേസമയം, അടുത്തിടെ പാർട്ടിയിൽ ചേർന്ന മുൻ ആം ആദ്മി നേതാവ് സുശീൽ കുമാർ റിങ്കു ജലന്ധറിൽ മത്സരിക്കും. മാർച്ച് 28നാണ് റിങ്കു, എഎപി എംഎൽഎ ശീതൾ അംഗുറലിനൊപ്പം ബി.ജെ.പിയിൽ ചേർന്നത്. ബിജെപിയുടെ എട്ടാമത്തെ പട്ടികയിൽ ഒഡീഷയിൽ നിന്നുള്ള മൂന്ന് ലോക്സഭാ സ്ഥാനാർത്ഥികളുടെയും പശ്ചിമ ബംഗാളിലെ രണ്ട് സ്ഥാനാർത്ഥികളുടെയും പേരുകളും ഉൾപ്പെടുന്നു.