ന്യൂഡൽഹി: രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ വൻ വർദ്ധനവ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മാർച്ച് 22ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 642.631 ബില്യൺ യുഎസ് ഡോളറിൽ എത്തി. തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് വിദേശനാണ്യ ശേഖരം റെക്കോർഡ് നിലവാരത്തിൽ എത്തുന്നത്. ഇതിന് തൊട്ടു മുൻപുള്ള ആഴ്ച 639.3 ബില്യൺ യുഎസ് ഡോളറായിരുന്നു. ഒരാഴ്ചയ്ക്കിടെ 140 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകങ്ങളിൽ ഒന്നായ വിദേശ കറൻസി ആസ്തി 568.264 ബില്യൺ യുഎസ് ഡോളറാണ്. ഇക്കുറി സ്വർണശേഖരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുണ്ട്. 347 മില്യൺ യുഎസ് ഡോളറിൽ നിന്നും 51.487 ബില്യൺ ഡോളറായാണ് സ്വർണശേഖരം വർദ്ധിച്ചിരിക്കുന്നത്. ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്കിന്റെയോ, മോണിറ്ററി അതോറിറ്റിയുള്ള സ്ഥാപനത്തിന്റെയോ ആസ്തികളെയാണ് വിദേശനാണ്യ ശേഖരമെന്ന് വിളിക്കുന്നത്.