കൊച്ചി വിമാനത്താവളത്തിൽ സ്വർണക്കടത്ത്, നെബുലൈസറിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്തിൽ വീണ്ടും ലക്ഷങ്ങളുടെ സ്വർണക്കടത്ത്. ഇത്തവണ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മുംബൈ സ്വദേശിയാണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായിരിക്കുന്നത്. നെബുലൈസറിൽ ഒളിപ്പിച്ച ശേഷം അതിവിദഗ്ധമായാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 189 ഗ്രാം സ്വർണമാണ് ഒളിപ്പിച്ച് കടത്തിയത്. വിപണിയിൽ ഇവയുടെ മൂല്യം ഏകദേശം 10 ലക്ഷം രൂപയ്ക്ക് അടുത്താണ്. മുംബൈ സ്വദേശി ഷോലി ബ് അയൂബ് ആണ് അറസ്റ്റിലായത്.
അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് എത്തിയതാണ് ഇയാൾ. സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വിമാനത്താവളത്തിൽ പരിശോധന നടത്തിയത്. സംശയാസ്പദമായി കണ്ടതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതിയെ പരിശോധിക്കുകയായിരുന്നു. തുടർന്ന് ബാഗേജിലുണ്ടായിരുന്ന നെബുലൈസർ അഴിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്.