ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിനെതിരെ വിമർശനം കടുപ്പിച്ച് വീണ്ടും ജയമോഹൻ. മദ്യപാനത്തെ മാത്രമല്ല താൻ ചൂണ്ടിക്കാട്ടിയതെന്നും ഒരു വലിയ പാരിസ്ഥിതിക വിഷയമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നുമാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ജയമോഹൻ പറയുന്നത്. ഇത്തരമൊരു വിമർശനം വരുമ്പോൾ അതിനെ വംശീയത കൊണ്ടോ, ഭാഷാ ഭ്രാന്ത് കൊണ്ടോ ന്യായപ്പെടുത്തുകയാണ് പലരും ചെയ്യുന്നതെന്നും കുടിയെയും വ്യഭിചാരത്തെയും നോര്‍മലൈസ് ചെയ്യുന്ന ഒരു തരികിട പടം എടുത്തിട്ട് അതിന്റെ അവസാനം ഒരു പൊളിറ്റിക്കല്‍ കറക്ടനെസ് കൊണ്ടുവന്നാല്‍ അതൊരു രാഷ്ട്രീയ സിനിമയോ കലപരമായി മൂല്യമുള്ള സിനിമയോ ആകില്ലെന്നും ജയമോഹൻ പറയുന്നു.
‘കുറച്ചെങ്കിലും ചിന്തിക്കുകയും കുറച്ചെങ്കിലും വായിക്കുകയും ചെയ്യുന്ന വളരെ ചെറിയ ഒരു ന്യൂനപക്ഷത്തോട് മാത്രം സംസാരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അവര്‍ക്ക് മനസ്സിലാകും. കുടിയെയും വ്യഭിചാരത്തെയും നോര്‍മലൈസ് ചെയ്യുന്ന ഒരു തരികിട പടം എടുത്തിട്ട് അതിന്റെ അവസാനം ഒരു പൊളിറ്റിക്കല്‍ കറക്ടനെസ് കൊണ്ടുവന്നാല്‍ അതൊരു രാഷ്ട്രീയ സിനിമയോ കലപരമായി മൂല്യമുള്ള സിനിമയോ ആകില്ല. മഞ്ഞുമ്മല്‍ ബോയ്‌സ് നോക്കുക. ആ പയ്യന്‍മാര്‍ക്ക് മദ്യമൊഴിച്ച് യാതൊരു തരത്തിലുമുള്ള താല്‍പര്യങ്ങളുമില്ല. കലയില്ല, രാഷ്ട്രീയമില്ല. ആ പയ്യന്‍മാരെ നായകന്‍മാരായി ഇന്ത്യ മുഴുവന്‍ കൊണ്ടുപോകുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണ്. ഇതാണ് കേരളത്തിലെ ചെറുപ്പക്കാര്‍ എന്നല്ലേ പറയുന്നത്. അവര്‍ മലയാളികളല്ല, മലയാളത്തിലെ പെറുക്കികളാണെന്ന് പറയേണ്ട ചുമതല ഒരു മലയാളിയായ എനിക്കുണ്ട്. അതുതന്നെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്’, ജയമോഹൻ പറഞ്ഞു.
അതേസമയം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി. ആർ ജയമോഹനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തെ കുറിച്ചുണ്ടായ ഏറ്റവും വലിയ നുണയായിരുന്നു ‘കേരള സ്റ്റോറീസ്’ എന്ന ചിത്രമെന്നും അതിന്റെ തുടർച്ചയാണ് ജയമോഹന്റെ കുറിപ്പെന്നും, നാളെ ജയമോഹൻ കേരള ഗവർണ്ണർ ആയാൽ മലയാളികൾ അത്ഭുതപ്പെടില്ലെന്നും ഉണ്ണി. ആർ പറയുന്നു.