ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി. രാജസ്ഥാനിലെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. അശോക് ഗെഹലോട്ടിന്റെ വിശ്വസ്തനും മുന്‍ കൃഷിമന്ത്രിയുമായ ലാല്‍ചന്ദ് കടാരിയ, രാജേന്ദ്ര യാദവ് അടക്കമുള്ള നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയും ബിജെപി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മുന്‍ എംഎല്‍എ റിച്ച്പാല്‍സിങ് മിര്‍ധ, വിജയ് പാല് സിങ് മിര്‍ധ തുടങ്ങിയ ജാട്ട് നേതാക്കളും മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ സച്ചിന് പൈലറ്റിന്റെ അടുത്ത അനുയായി ഖിലാഡി ലാല്‍ ഭൈരവ, മുന്‍ സംസ്ഥാന മന്ത്രി രാജേന്ദ്ര യാദവ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഈ നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. ‘കേന്ദ്ര ഏജൻസികളിൽ നിന്ന് തങ്ങൾക്ക് സമ്മർദ്ദമുണ്ടെന്ന് ആളുകൾ പറയുന്നു, അതിനാൽ അവർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നു’ എന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ബിജെപിയിൽ ചേരാൻ തൻ്റെ മനസാക്ഷിയാണ് തന്നെ പ്രേരിപ്പിച്ചതെന്ന് ചേരുന്ന ചടങ്ങിനെ അഭിസംബോധന ചെയ്ത് കതാരിയ പറഞ്ഞു. കർഷകരുടെയും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വേദനയും കഷ്ടപ്പാടും ബിജെപി മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.