ന്യൂഡൽഹി: ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ദ്വാരക എക്സ്പ്രസ് വേയുടേ ഗുഡ്ഗാവ് സെഗ്‌മെൻ്റ് ഇന്ന് നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിക്കുക. തുടർന്ന് അദ്ദേഹം എക്സ്പ്രസ് വേയിലൂടെയുളള റോഡ് ഷോയിലും പങ്കെടുക്കുന്നതാണ്. ഗുഡ്ഗാവ് സെഗ്‌മെൻ്റ് യാഥാർത്ഥ്യമായതോടെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കും, ഗുരുഗ്രാം ബൈപാസിലേക്കും നേരിട്ട് കണക്ടിവിറ്റി ലഭ്യമാകുന്നതാണ്. എൻഎച്ച്-48-ൽ ഡൽഹി ഗുരുഗ്രാമിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും ദ്വാരക എക്സ്പ്രസ് വേ ഏറെ സഹായകരമാകും.
എട്ട് വരിപ്പാതയാണ് ദ്വാരക എക്സ്പ്രസ് വേ. 29 കിലോമീറ്റർ നീളമുള്ള ഈ പാത 900 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിൽ 18.9 കിലോമീറ്റർ ഹരിയാനയിലും, 10.1 കിലോമീറ്റർ ഡൽഹിയിലുമാണ് ഉള്ളത്. ദ്വാരക എക്സ്പ്രസ് വേയ്ക്ക് പുറമേ, നംഗ്ലോയ്-നജഫ്ഗഡ് റോഡ് മുതൽ ഡൽഹിയിലെ സെക്ടർ 24 ദ്വാരക വരെയുള്ള 9.6 കിലോമീറ്റർ നീളമുള്ള ആറ് വരി അർബൻ എക്സ്റ്റൻഷൻ റോഡ്-II-ന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കുന്നതാണ്.