ഡ്രൈവർ ചായകുടിക്കാനായി നിര്‍ത്തിയ ലോറിയിൽ നിന്ന് ആന ഇറങ്ങിയോടി, ചവിട്ടേറ്റ് ഒരാൾക്ക് പരിക്ക്

[ad_1]

പാലക്കാട്: പട്ടാമ്പിയിൽ നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുമ്പോൾ ലോറിയിൽനിന്ന് ഇറങ്ങിയോടി. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്ത് ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ആന വിരണ്ടോടിയത്. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആടുമേയ്ക്കുന്നതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന ആൾക്കാണ് ചവിട്ടേറ്റത്. രണ്ടു പശുക്കളെയും ആടിനെയും ആന ചവിട്ടിക്കൊന്നു.

ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു. അമ്പാട് എന്ന സ്ഥലത്താണ് ആന നിലയുറപ്പിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ആനയെ തളച്ചു. താമരശേരി സ്വദേശിയുടെ മുത്തു എന്ന ആനയാണ് ലോറിയിൽ നിന്നും പുറത്തുചാടിയത്.

പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വടക്കുമുറിയ്‌ക്ക് സമീപം ലോറി നിർത്തി പാപ്പാന്മാർ ഉറങ്ങാനായി കിടക്കുകയും ഡ്രൈവർ ചായ കുടിക്കാനായി പുറത്തിറങ്ങുകയും ചെയ്‌ത സമയത്താണ് പ്രത്യേകം ബന്ദവസില്ലാതിരുന്ന ആന പുറത്തു കടന്നത്. ഈ സമയം തൊട്ടടുത്ത് മറ്റൊരു ലോറിയുണ്ടായിരുന്നു.

അതേസമയം, ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആനപ്പുറത്ത് ഇരുന്നയാളെ ആക്രമിക്കാനും ശ്രമം നടന്നിരുന്നു. ഇതിനിടയിലാണ് ആന ആദ്യം വിരണ്ടോടിയത്. സംഘർഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയിരുന്നു.

[ad_2]