[ad_1]
കൊൽക്കത്ത: ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഹൗറ മെട്രോ റെയിൽ സർവീസ് യാഥാർത്ഥ്യമാകുന്നു. കൊൽക്കത്തയിലെ എക്സ്പ്ലനേഡിൽ നിന്ന് ഹൗറ വരെയാണ് മെട്രോ സർവീസ് ഉണ്ടായിരിക്കുക. മാർച്ച് 6-ന് പ്രധാനമന്ത്രി മെട്രോ നാടിന് സമർപ്പിക്കും. ഹൂഗ്ലി നദിക്ക് കുറുകെ നിർമ്മിച്ച തുരങ്കത്തിലൂടെയാണ് മെട്രോ കടന്നുപോവുക. 520 മീറ്റർ ദൂരം 45 സെക്കൻഡുകൾ കൊണ്ട് മെട്രോ പിന്നിടും. 16.6 കിലോമീറ്റർ പാതയിലൂടെ ഹൗറാ മൈതാനത്തെ രാജർഹട്ടുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈസ്റ്റ് വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമായാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന മെട്രോ സ്റ്റേഷനുകളിൽ ഒന്നാണ് ഹൗറ. ഉപരിതലത്തിൽ നിന്ന് 33 മീറ്റർ താഴെയായാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ജലോപരിതലത്തിൽ നിന്ന് 32 മീറ്റർ താഴ്ച്ചയിലാണ് തുരങ്കം ഉള്ളത്. 2023 ഏപ്രിലിൽ രാജ്യത്ത് ആദ്യമായി ഹൂഗ്ഗി നദിക്ക് താഴെയുള്ള തുരങ്കത്തിലൂടെ കടന്ന് കൊൽക്കത്ത മെട്രോ ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ തുരങ്കം എൻജിനീയറിംഗ് വിസ്മയമായാണ് കണക്കാക്കുന്നത്. തുരങ്കം സ്ഥാപിക്കുന്നതിനുള്ള നടപടികൾ 2017-ലാണ് പൂർത്തിയായത്.
[ad_2]