കുംഭ മാസ പൂജ: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും


കുംഭ മാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ച ശേഷം ഭക്തർക്ക് ദർശനം അനുവദിക്കുന്നതാണ്. ആദ്യ ദിനമായതിനാൽ മറ്റ് വിശേഷ പൂജകൾ ഒന്നും ഉണ്ടായിരിക്കുകയില്ല. രാത്രി 10 മണിയോടെ നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിന് ശേഷം അടച്ച നട ഇന്നാണ് ആദ്യമായി തുറക്കുക. ജനുവരി 21നാണ് ശബരിമലയിലെ മകരവിളക്ക് പൂജകൾ അവസാനിച്ചത്.

നാളെ പുലർച്ചെ അഞ്ച് മണിക്ക് തന്ത്രി മഹേഷ് മോഹനരരുടെ നിർമ്മാല്യ ദർശനത്തിന് ശേഷം അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകങ്ങൾ നടത്തുന്നതാണ്. തുടർന്ന്, ഗണപതിഹോമം, ഉഷപൂജ, കളഭാഭിഷേകം, ഉച്ചപൂജ, വൈകിട്ട് ദീപാരാധന, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകുന്നതാണ്. എല്ലാ ദിവസവും ഉദയാസ്തമന പൂജയും, വൈകിട്ട് പടി പൂജയും നടക്കും. കുംഭ മാസപൂജകൾ പൂർത്തിയാക്കിയ ശേഷം ഫെബ്രുവരി 18-ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക.