തൊണ്ണൂറുകളിലെ രുചി ഇനി റിലയൻസിന് സ്വന്തം! റാവൽഗാവിനെ ഏറ്റെടുത്തു


തൊണ്ണൂറുകളിൽ വിപണി ഒന്നടങ്കം കൈക്കുമ്പിളിൽ ഒതുക്കിയ പഞ്ചസാര മിഠായി ബ്രാൻഡായ റാവൽഗാവ് ഇനി മുതൽ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡിന് സ്വന്തം. തൊണ്ണൂറുകളിലെ കുട്ടികൾക്ക് ഗൃഹാതുരമായ രുചികൾ സമ്മാനിച്ച ബ്രാൻഡ് കൂടിയാണ് റാവൽഗാവ്. അക്കാലത്ത് മാംഗോ മൂഡ്, കോഫി ബ്രേക്ക്, ടുട്ടി ഫ്രൂട്ടി, പാൻ പസന്ദ്, ചോക്കോ ക്രീം, സുപ്രീം തുടങ്ങിയവ ഏറ്റവും ഡിമാന്റുള്ള മിഠായികളായിരുന്നു. 27 കോടി രൂപക്കാണ് കരാർ. കരിമ്പിൻ തോട്ടവും, ട്രേഡ് മാർക്കുകളും, മിഠായി നിർമ്മാണവും എല്ലാം റിലയൻസിന് വിറ്റിട്ടുണ്ട്.

കരിമ്പിന്റെ നീരിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന പഞ്ചസാര ലായനിയിൽ വിവിധ രുചികൾ ചേർത്താണ് റാവൽഗാവ് മിഠായികൾ നിർമ്മിച്ചിരുന്നത്. പുതിയ കമ്പനികളുടെ കടന്നുവരവോടെ മിഠായി വിപണി കൂടുതൽ മത്സരാധിഷ്ഠിതമായി മാറുകയായിരുന്നു. ഇതോടെ, കമ്പനിയുടെ വിപണി വിഹിതവും കുത്തനെ ഇടിയുകയായിരുന്നു. നിലവിൽ, ഈ വ്യാപാരം നിലനിർത്താൻ ഉടമസ്ഥർ ബുദ്ധിമുട്ടുന്നതിനിടെയാണ് റിലയൻസിന്റെ ഏറ്റെടുക്കൽ.

വ്യവസായ പ്രമുഖനായിരുന്ന വാൽചന്ദ് ഹിരാചന്ദ് ദോഷി തൻ്റെ കരിമ്പ് തോട്ടങ്ങളുടെയും പഞ്ചസാര ഫാക്ടറികളുടെയും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റാവൽഗാവ് സ്ഥാപിച്ചത്. തുടർന്ന് വാൽചന്ദ് 1933-ൽ റാവൽഗാവ് ഷുഗർ ഫാം ആരംഭിച്ചു, 1942-ൽ അതിൻ്റെ മിഠായി ഡിവിഷൻ ആരംഭിക്കുകയായിരുന്നു. ഓറഞ്ചിൻ്റെ രുചിയുള്ള പഞ്ചസാര മിഠായിയാണ് റാവൽഗാവ് ആദ്യം അവതരിപ്പിച്ചത്.