കെഎഫ്സിയെ അയോധ്യയിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി ജില്ലാ ഭരണകൂടം, പക്ഷേ ഒരു നിബന്ധന


ലക്നൗ: പ്രമുഖ അമേരിക്കൻ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് ശൃംഖലയായ കെഎഫ്സിയെ അയോധ്യയിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി ജില്ലാ ഭരണകൂടം. സസ്യഹാരം മാത്രമേ വിൽക്കൂ എന്ന നിബന്ധന പാലിക്കുകയാണെങ്കിൽ അയോധ്യയിൽ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനുള്ള അനുമതിയാണ് ജില്ലാ ഭരണകൂടം നൽകുക. വെജിറ്റേറിയൻ ഇനങ്ങൾ മാത്രം വിൽക്കുകയാണെങ്കിൽ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനുള്ള സ്ഥലവും നൽകുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഭക്തർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഭക്ഷണ വിഭവങ്ങൾ ലഭ്യമാക്കുന്നതിനായി എല്ലാ ഭക്ഷ്യ കമ്പനികളെയും അയോധ്യയിലേക്ക് ക്ഷണിക്കാനുള്ള നീക്കങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

ചൗധരി ചരൺ സിംഗ് ഘട്ടിൽ ഒരു ഫുഡ് പ്ലാസ സ്ഥാപിക്കാൻ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്. കെഎഫ്സിക്ക് പുറമേ, ടെമ്പിൾ ടൂറിസം കുതിച്ചുയർന്നതോടെ ബിസ്‌ലേരിയും ഹൽദിറാമും അയോധ്യയിലും പരിസരത്തും ഔട്ട്‌ലെറ്റുകൾ തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജനുവരി 22ന് അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടന്നതിന് പിന്നാലെ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.