‘രാജ്യത്തെ കൊള്ളയടിച്ചവർ അതിന്റെ പിഴ നൽകേണ്ടിവരും’: പ്രതിപക്ഷത്തെ കീറിമുറിച്ച് പ്രധാനമന്ത്രി മോദി


ന്യൂഡൽഹി: അഴിമതിയാരോപണങ്ങൾ നേരിടുന്ന എതിരാളികൾക്കും രാഷ്ട്രീയക്കാർക്കും എതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുമണിക്കൂറോളം നീണ്ട പ്രസംഗത്തിലായിരുന്നു അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ കൊള്ളയടിച്ചവർ അതിന്റെ വില കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് പോലുള്ള കേന്ദ്ര ഏജൻസികളുടെ നടപടികളുടെ ഫലമായി പ്രതിപക്ഷ രാഷ്ട്രീയക്കാർ അഴിമതിക്കേസുകൾ നേരിടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള പാർലമെൻ്റിലെ അവസാന പ്രസംഗത്തിലായിരുന്നു അദ്ദേഹം പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.

‘ഏജൻസികൾ അഴിമതിക്കെതിരെ നടപടിയെടുക്കുന്നു, അതിൽ രോഷമുണ്ട്. പത്ത് വർഷം മുമ്പ് നമ്മുടെ പാർലമെൻ്റിൽ അഴിമതികളെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു, സഭ ഓരോ തവണയും നടപടി ആവശ്യപ്പെട്ടിരുന്നു. (എന്നാൽ) ഇന്ന്, അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുമ്പോൾ, ചിലർ അതിനെ എതിർക്കുന്നു. ഞാൻ കുറച്ച് വെളിച്ചം കാണിക്കട്ടെ… PMLA (പണം വെളുപ്പിക്കൽ തടയൽ നിയമം) പ്രകാരം ഞങ്ങൾ മുമ്പത്തേതിനേക്കാൾ ഇരട്ടി കേസുകൾ രജിസ്റ്റർ ചെയ്തു. കോൺഗ്രസിൻ്റെ കാലത്ത് ED 5,000 കോടി രൂപയുടെ സ്വത്തുക്കൾ മാത്രമാണ് കണ്ടുകെട്ടിയത്. എന്നിരുന്നാലും, ഞങ്ങളുടെ ഭരണകാലത്ത് ED ഒരു ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി’, അദ്ദേഹം അവകാശപ്പെട്ടു.

ബിജെപി തുടർച്ചയായി മൂന്നാം തവണയും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, തൻ്റെ മൂന്നാം ടേമിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.