കെവൈസി അപ്ഡേറ്റിന്റെ പേരിൽ വ്യാപക തട്ടിപ്പ്: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആർബിഐ


രാജ്യത്ത് കെവൈസി അപ്ഡേറ്റിന്റെ പേരിൽ വ്യാപക തട്ടിപ്പുകൾ നടക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കെവൈസി അപ്ഡേറ്റ് ചെയ്യുക എന്ന വ്യാജേനേ നിരവധി തട്ടിപ്പ് സംഘങ്ങളാണ് ഉപഭോക്താക്കളെ സമീപിക്കുന്നത്. ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനും അക്കൗണ്ട് സുരക്ഷിതമാക്കാനും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആർബിഐ നിർദ്ദേശിച്ചു.

തട്ടിപ്പ് സംഘങ്ങൾ ഉപഭോക്താക്കളെ ഫോൺ കോളിലൂടെയോ, എസ്എംഎസ് വഴിയോ, ഇമെയിൽ വഴിയോ ആണ് കോൺടാക്ട് ചെയ്യുന്നത്. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കുക എന്നതാണ് തട്ടിപ്പ് സംഘങ്ങളുടെ ലക്ഷ്യം. തുടർന്ന് ബാങ്ക് അക്കൗണ്ടിന്റെയടക്കം ലോഗിൻ വിശദാംശങ്ങൾ ചോദിച്ചറിയുന്നതാണ്. ഇതിന് പുറമേ, പ്രത്യേക ലിങ്ക് അയച്ച് മൊബൈൽ ഫോണിൽ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെടാറുണ്ട്. കെവൈസി അപ്ഡേറ്റിനായി ഇത്തരം തട്ടിപ്പ് സംഘങ്ങൾ സമീപിക്കുമ്പോൾ, വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പങ്കുവെക്കാൻ പാടുള്ളതല്ല.