ഇടക്കാല ബഡ്ജറ്റിന് ഇനി മണിക്കൂറുകൾ! ഓഹരി വിപണിയിൽ മിന്നും പ്രകടനവുമായി ആഭ്യന്തര സൂചികകൾ


ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ആഭ്യന്തര സൂചികകൾ മിന്നിത്തിളങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 612 പോയിന്റ് നേട്ടത്തിൽ 71,752.11-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി 203 പോയിന്റ് നേട്ടത്തിൽ 21,725.70-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിൽ ഇന്ന് വ്യാപാരം ചെയ്ത 50 ഓഹരികളിൽ 46 ഓഹരികളും മുന്നേറിയിട്ടുണ്ട്. അതേസമയം, ബിഎസ്ഇയിൽ 2,411 ഓഹരികൾ നേട്ടത്തിലും, 1,411 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 92 ഓഹരികളുടെ വില മാറിയില്ല.

ബഡ്ജറ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്ന വിലയിരുത്തലുകളാണ് ഇന്ന് ഓഹരി വിപണിക്ക് പ്രധാന ഊർജമായി മാറിയത്. കൂടാതെ, ഇന്ത്യൻ സമയം രാത്രിയോടെ പുറത്തുവരുന്ന അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവിന്റെ ധനനയം അനുകൂലമാകുമെന്ന വിലയിരുത്തലുകളും ശക്തമാണ്. അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ യുഎസ് ട്രഷറി ബോണ്ട് യീൽഡ് വീണ്ടും നാല് ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുണ്ട്. ബാങ്കിംഗ് ഓഹരികളിൽ ഉണ്ടായ മികച്ച വാങ്ങൽ താൽപ്പര്യം ഇന്ന് വലിയ രീതിയിലുള്ള ഉണർവാണ് പകർന്നിട്ടുള്ളത്.

വിശാലമായ വിപണിയിൽ ഇന്ന് എല്ലാ വിഭാഗങ്ങളും പച്ച തൊട്ടത് ഏറെ ആശ്വാസകരമാണ്. പോളി ബസാർ, വോൾട്ടാസ്, മാക്സ് ഹെൽത്ത്, ഡൽഹിവെറി, ഡോ. റെഡ്ഡീസ്, ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, ഡിവീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, സിപ്ല, ബജാജ് ഫിൻസെർവ്, മാരുതി സുസുക്കി തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.