മത്സര രാഷ്ട്രീയങ്ങളെ ഭാരതം ഭയക്കേണ്ട ആവശ്യമില്ല: ചൈനയോട് മത്സരിക്കാനുള്ള കഴിവുണ്ടെന്ന് വിദേശകാര്യ മന്ത്രി


മുംബൈ: ചൈനയുടേത് പോലുള്ള മത്സര രാഷ്ട്രീയങ്ങളെ ഭാരതം ഭയക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയുടെ എല്ലാത്തരത്തിലുമുള്ള മത്സര രാഷ്ട്രീയത്തെയും നമ്മൾ സ്വാഗതം ചെയ്യണം. അതിനെ മറികടക്കാനുള്ള കഴിവ് ഭാരതത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യയുടെ അയൽ രാജ്യങ്ങളെ ചൈന സ്വാധീനിക്കും. അയൽ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധിനത്തിന് മത്സര രാഷ്ട്രീയവുമായി ബന്ധമുണ്ട്. മത്സര രാഷ്ട്രീയത്തിന്റെ ഭാഗമായി പല തരത്തിൽ ചൈന അയൽ രാജ്യങ്ങളെ സ്വാധീനിക്കുമെന്ന് ഭാരതീയരായ നാം തിരിച്ചറിയണം. ആഗോള രാഷ്ട്രീയം തന്നെ ഒരു മത്സരമാണ്. ചൈനയുടെ മത്സര രാഷ്ട്രീയത്തെ ഭാരതം എപ്പോഴും സ്വാഗതം ചെയ്യും. കാരണം, നമുക്ക് ചൈനയോട് മത്സരിക്കാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അയൽ രാജ്യങ്ങളുമായി എല്ലാ രാജ്യങ്ങൾക്കും പ്രശ്നങ്ങളുണ്ട്. അയൽ രാജ്യങ്ങൾ നമ്മളോട് പെരുമാറുന്നത് പോലെയായിരിക്കും തിരിച്ചും നിലപാടുകൾ സ്വീകരിക്കുന്നത്. എന്നാൽ നയതന്ത്രം ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ആഗോളതലത്തിൽ ഭാരത്തിന് ലഭിക്കുന്ന സ്വീകാര്യത അവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.