കടപ്പത്രങ്ങളിലൂടെ കോടികൾ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിൻകോർപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 300 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 75 കോടി രൂപയുടെ ഇഷ്യുവിലെ, 225 കോടി രൂപയുടെ ഗ്രീൻ ഇഷ്യു ഓപ്ഷൻ അടക്കമാണ് 300 കോടി രൂപ സമാഹരിക്കുക. 1000 രൂപയാണ് കടപ്പത്രത്തിന്റെ മുഖവില നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 25 വരെ കടപ്പത്രങ്ങൾ ലഭ്യമാകും. ആവശ്യമെങ്കിൽ നേരത്തെ തന്നെ ഇവ ക്ലോസ് ചെയ്യാനുള്ള വ്യവസ്ഥകളും ഉണ്ട്.
പ്രധാനമായും നാല് കാലാവധികളിലാണ് കടപ്പത്രങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയാണ് കാലാവധി. പ്രതിമാസ തവണകളായോ, കാലാവധിക്ക് ശേഷം ഒരുമിച്ചു ലഭിക്കുന്ന രീതിയിലോ പലിശ ലഭിക്കും. 9.26 ശതമാനം മുതൽ 9.75 ശതമാനം വരെയാണ് പലിശ. ബിഎസ്ഇയിലെ ഡെറ്റ് വിഭാഗത്തിൽ ഈ കടപ്പത്രം ലിസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
നിലവിലുള്ളതും പുതുതായി എത്തുന്നതുമായ ഉപഭോക്താക്കൾക്ക് മുത്തൂറ്റ് ഫിൻകോർപ്പിന്റെ ശാഖകൾ സന്ദർശിച്ചോ, മൊബൈൽ ആപ്പായ മുത്തൂറ്റ് ഫിൻകോർപ്പ് വൺ ഉപയോഗിച്ചോ കടപ്പത്രങ്ങളിൽ നിക്ഷേപം നടത്താൻ സാധിക്കും. ക്രിസിൽ എഎ-/സ്റ്റേബിൾ റേറ്റിംഗ് ഉള്ളതിനാൽ ഇഷ്യുവിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് വിലയിരുത്തൽ.