സുസുക്കിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനത്തെ വരവേൽക്കാനൊരുങ്ങി ഗുജറാത്ത്, ഉടൻ പുറത്തിറക്കാൻ സാധ്യത


ഗാന്ധിനഗർ: സുസുക്കി ആദ്യമായി പുറത്തിറക്കുന്ന ബാറ്ററി ഇലക്ട്രിക് വാഹനത്തെ വരവേൽക്കാനൊരുങ്ങി ഗുജറാത്ത്. ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനം ഗുജറാത്തിൽ നിന്നും പുറത്തിറക്കാനാണ് സുസുക്കിയുടെ തീരുമാനം. ഇത് സംബന്ധിച്ച വിവരങ്ങൾ സുസുക്കി മോട്ടോഴ്സ് പ്രസിഡന്റ് തോഷിഹിറോ സുസുക്കി പങ്കുവെച്ചിട്ടുണ്ട്. പ്രതിവർഷം 2.5 ലക്ഷം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന പദ്ധതികൾക്കാണ് ഗുജറാത്തിൽ തുടക്കമിടുക. ഇതിനായി 3200 കോടി രൂപ നിക്ഷേപിക്കുമെന്ന് സുസുക്കി വ്യക്തമാക്കി. കൂടാതെ, ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങൾ ഗുജറാത്തിലേക്ക് കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾക്കും സുസുക്കി രൂപം നൽകുന്നുണ്ട്.

ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് കൂടുതൽ നിക്ഷേപം നടത്തുന്നതിനായി നിരവധി കൊറിയൻ കമ്പനികൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അർദ്ധചാലക നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് തുടക്കമിടുന്നതിനായി സൗത്ത് കൊറിയൻ കമ്പനിയായ സിംടെക് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ വച്ച് ഇതിനോടകം നിരവധി കമ്പനികളാണ് ഗുജറാത്തിലേക്കുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയത്. കഴിഞ്ഞ ദിവസം ആഗോള സ്റ്റീൽ ഭീമനായ ആർസിലർ മിത്തൽ ഗുജറാത്തിൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.