എന്റെ സിനിമയിലെ സ്റ്റാര്‍ മമ്മൂട്ടിയും മോഹന്‍ലാലുമല്ല, ബിജു കുട്ടനാണ്; കാണിക്കുന്നത് കുറുക്കന്റെ സ്വഭാവം: ഹുസൈന്‍ അറോണി
നടന്‍ ബിജു കുട്ടന്‍ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘കള്ളന്‍മാരുടെ വീട്’. എന്നാൽ, ഈ സിനിമയുടെ പ്രമോഷന് താരം സഹകരിക്കുന്നില്ലെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഹുസൈന്‍ അറോണി. അഭിനയത്തിനുള്ള തുകയും പ്രമോഷനുള്ള തുകയും മുന്‍കൂറായി വാങ്ങിയിട്ടും നടന്‍ സഹകരിക്കുന്നില്ല എന്നാണ് സംവിധായകന്റെ ആരോപണം. ജനുവരി 5ന് സിനിമ റിലീസിന് ഒരുങ്ങുകയാണ്. താരങ്ങൾ ഇല്ലാത്തതിനാൽ ചാനലുകാർ പോലും പ്രൊമോഷന് മടിക്കുന്നുവെന്നും സംവിധായകൻ പറയുന്നു.
READ ALSO: ആഗോള ഫലങ്ങൾ പ്രതികൂലം: തുടർച്ചയായ രണ്ടാം ദിനവും ചുവപ്പിൽ മുങ്ങി സൂചികകൾ
ഹുസൈന്‍ അറോണിയുടെ വാക്കുകൾ ഇങ്ങനെ,
ഈ സിനിമയിലെ ഏറ്റവും വലിയ കഥാപാത്രമായി നമ്മള്‍ കാണുന്നത് ബിജു കുട്ടനെയാണ്. ഇത്രയും പേര്‍ അഭിനയിച്ചു, 32 പേര്‍ക്ക് അവസരം കൊടുത്തു. പോസ്റ്ററിലും പ്രധാന അഭിനേതാക്കളുടെ പടമൊക്കെ കാണുന്നുണ്ട്. പക്ഷേ പ്രമോഷന് അവരെ കാണുന്നില്ല. ഒരുപാട് തവണ വിളിച്ചതുമാണ്, പക്ഷേ സഹകരിക്കുന്നില്ല. പ്രമോഷന്റെ സമയത്ത് എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ, റെഡിയാണ്, രണ്ടു ദിവസം മുമ്പ് വിളിച്ചു പറഞ്ഞാല്‍ മതിയെന്നു പറയും. രണ്ട് ദിവസമല്ല, രണ്ടു മാസം മുമ്പ് വിളിച്ചു പറഞ്ഞിട്ടും സഹകരിക്കുന്നില്ല. സിനിമയെ കുറിച്ച് ഞങ്ങള്‍ക്ക് ഭയമില്ല, പ്രമോഷന്‍ കൊടുത്തില്ലെങ്കില്‍ പോലും ജനങ്ങള്‍ ഏറ്റെടുത്താല്‍ വിജയിക്കും. ഈ പ്രമോഷന് തന്നെ പല ചാനലുകാരെയും വിളിച്ചപ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വരുകയുള്ളൂ എന്നു പറഞ്ഞു. അത് നമ്മളെ വീണ്ടും വിഷമിപ്പിക്കുകയാണ്. പ്രമോഷനില്ലാതെ ഇത് തിയറ്ററിലേക്കു പോകുമ്പോള്‍ തിയേറ്ററുകാര്‍ ചോദിക്കും, ഈ സിനിമയ്ക്കു പ്രമോഷനുണ്ടോ? അവരോടും മറുപടിയില്ല. നൂറ് തിയേറ്ററുകള്‍ എടുത്ത് റിലീസ് ചെയ്യാന്‍ നോക്കുമ്പോള്‍ അത് 50 തിയേറ്ററിലേക്ക് ഒതുങ്ങും. ഡിസംബര്‍ 15ന് ആയിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. ആ സമയത്ത് ബാക്കി അഭിനേതാക്കളൊക്കെ ഓക്കെ ആയിരുന്നെങ്കിലും ബിജു കുട്ടന്‍ മാറിനിന്നു. അങ്ങനെ പ്രമോഷന്‍ മാറിപ്പോയി, റിലീസ് തീയതിയും മാറി.
എന്റെ സിനിമയിലെ സ്റ്റാര്‍ മമ്മൂട്ടിയും മോഹന്‍ലാലുമല്ല, അത് ബിജു കുട്ടനാണ്. എന്റെ സിനിമയുടെ പ്രമോഷന് വരേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും ഇത്. കുറുക്കന്‍ മനോജ് എന്ന കഥാപാത്രമാണ് പുള്ളി അവതരിപ്പിക്കുന്നത്. ആ പേര് തന്നെ ബിജു കുട്ടന്‍ തിരഞ്ഞെടുത്തതാണ്. ഇപ്പോള്‍ കുറുക്കന്റെ സ്വഭാവം പോലെ ആയിപ്പോയി. ബിജു കുട്ടന്‍ ചേട്ടനെയൊക്കെ അര മണിക്കൂറെങ്കിലും കിട്ടിയാല്‍ ഞങ്ങള്‍ക്കതൊരു വലിയ പ്രമോഷനാണ്. സ്വന്തം മൊബൈലില്‍ ഒരു വീഡിയോ എടുത്ത് അയച്ച് തരാമോ എന്നും ചോദിച്ചു. അതൊന്നും ചെയ്തില്ല’- സംവിധായകന്‍ ഹുസൈന്‍ അറോണി പ്രസ് മീറ്റില്‍ പറഞ്ഞു.