‘വിവാഹ മോചനത്തിന് ശേഷം ഒരിക്കൽ പോലും മകളെ കാണണമെന്ന് പറഞ്ഞ് മെസേജ് അയച്ചിട്ടില്ല’: അമൃത


കൊച്ചി: മുൻ ഭാര്യയും ഗായികയുമായ അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം നടൻ ബാല രംഗത്ത് വന്നിരുന്നു. അമൃത തനിക്കെതിരെ പോക്സോ കേസ് കൊടുത്തതെന്നായിരുന്നു ബാല ഉന്നയിച്ച ആരോപണം. മകളെ കാണിക്കാൻ അമൃത തയ്യാറാകുന്നില്ലെന്നും, ആഘോഷ ദിവസങ്ങളിൽ മകളെ തന്റെ അരികിൽ എത്തിക്കണമെന്ന് കോടതി ഉത്തരവ് ഉള്ളതാണെന്നും ബാല പറഞ്ഞിരുന്നു. നടന്റെ ഈ ആരോപണങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകുകയാണ് അമൃത ഇപ്പോൾ.

‘ഒരച്ഛന് എതിരെ പറയാൻ പാടില്ലാത്ത പല കാര്യങ്ങളും ഉൾപ്പെടുത്തിയാണ് അമൃത കേസ് കൊടുത്തതെന്നായിരുന്നു ബാല ആരോപിച്ചത്.1500 അനാഥ പെൺകുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എനിക്കെതിരെയാണ് അവർ അങ്ങനെ കേസ് കൊടുത്തത്. പോക്സോ കേസ് കൊടുത്തതു കാരണം ഞാൻ എല്ലാ സത്യങ്ങളും കോടതിയിൽ തുറന്നു പറഞ്ഞ് തെളിവ് സഹിതം കൊടുത്തിട്ടുണ്ട്’, എന്നായിരുന്നു മൂവി വേൾ‍ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാല ആരോപിച്ചത്.

എന്നാൽ, ബാലയുടെ വാക്കുകൾ പച്ചക്കള്ളമാണെന്നാണ് അമൃതയുടെ അഭിഭാഷകർ പറയുന്നത്. അഭിഭാഷകർക്കൊപ്പം അമൃതയുമുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു ബാലയും അമൃത സുരേഷും. 9 വർഷം നീണ്ടുനിന്ന വിവാഹ ബന്ധം 2016 ലായിരുന്നു ഇരുവരും വേർപെടുത്തിയത്. പിന്നീട് ബാല മറ്റൊരു വിവാഹം ചെയ്തു. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവ് ഇൻ റിലേഷനിലായിരുന്നു.

‘ബാലക്കെതിരെ പോക്സോ കേസ് കൊടുത്തെന്ന ആരോപണം ബാല ഉന്നയിച്ചിട്ടുണ്ട്. പോക്സോ കേസ് കൊടുത്ത് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ എഫ്ഐആർ ഇടുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അമൃതയെ തേജോ വധം ചെയ്യാനാണ് ആരോപണം. കുഞ്ഞിന്റെ രക്ഷിതാവായി അമൃതയെ നിശ്ചയിച്ച് ബാല സത്യവാങ്മൂലം നൽകിയിട്ടുണ്ട്. രേഖകൾ പ്രകാരം കുഞ്ഞിന്റെ അച്ഛൻ ബാല തന്നെയായിരിക്കുമെന്ന് ഉടമ്പടിയിൽ പറയുന്നുണ്ട്. സ്കൂൾ രേഖകളിലെല്ലാം അങ്ങനെ തന്നെയാണ് ഉള്ളത്. അമൃതയ്ക്കു മാത്രമാകും കുഞ്ഞിന്റെ ചുമതല എന്നും പറയുന്നുണ്ട്. മൈനർ ആയ കുഞ്ഞിന്റെ കാര്യങ്ങളിലൊന്നും ഇടപെടില്ലെന്നും ബാല ഉടമ്പടിയിൽ സമ്മതിച്ചിട്ടുണ്ട്. ഇതൊന്നും വകവെയ്ക്കാതെയാണ് ബാല ആരോപണം ഉന്നയിക്കുന്നത്. ഇനിയും ഉടമ്പടി ലംഘിച്ച് അമൃതയുടെ വ്യക്തിജീവിത്തതിൽ ഇടപെട്ടാൽ അവർ നിയപരമായി തന്നെ മുന്നോട്ട് നീങ്ങും’, അമൃതയുടെ അഭിഭാഷകർ വ്യക്തമാക്കി.